കണ്ണാടിപ്പറമ്പ്:-ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായി നടത്തുന്ന കണ്ണൂര്‍ വിവര സഞ്ചയിക ജില്ലാതല ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. വിവര സഞ്ചയികയുടെ ഫോറം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, എന്യൂമറേറ്റര്‍ കെ എം ആത്വിഫ എന്നിവര്‍ക്ക് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
തദ്ദേശസ്ഥാപനങ്ങളിലെ ആസൂത്രണ പ്രക്രിയയ്ക്ക് ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് ഇവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏത് സമയത്തും ഭരണസമിതിക്ക് ലഭ്യമാകുന്ന രീതിയില്‍ ക്രോഡീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ജിയോ ടാഗ് നല്‍കും. ജില്ലയിലെ 47 തദ്ദേശസ്ഥാപനങ്ങളിലാണ് വിവര സഞ്ചയിക മുഖേന സമഗ്ര വിവരശേഖരണം നടത്തുന്നത്. ബാക്കി തദ്ദേശ സ്ഥാപനങ്ങളില്‍ മറ്റു ഏജന്‍സികള്‍ വഴിയും വിവര ശേഖരണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഫീല്‍ഡ് തലത്തിലുള്ള വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സെക്രട്ടറിയാണ് പദ്ധതിയുടെ പഞ്ചായത്ത് തല നിര്‍വഹണ ഉദ്യോഗസ്ഥര്‍. സെപ്റ്റംബര്‍ 13ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 27ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തദ്ദേശസ്ഥാപനതല സെക്രട്ടറിമാര്‍ക്കും ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി പരിശീലനം നല്‍കി. നവംബര്‍ ആദ്യവാരം തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്കും ബ്ലോക്ക് തലങ്ങളിലും തുടര്‍ന്ന് മാസ്റ്റര്‍ ട്രെയിനര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എന്യൂമറേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനവും നല്‍കി.
സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി പ്രേമരാജന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എം ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ധനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.