ടെൽഅവീവ് : ആവർത്തിച്ചുള്ള അന്താരാഷ്ട്ര സമ്മർദ്ദം അവഗണിച്ച് പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ മഗാസി പ്രദേശങ്ങളിൽ മാത്രം അമ്പത് പലസ്തീനികൾ വധിക്കപ്പെട്ടു. റഫയിലെ പാർപ്പിട സമുച്ഛയത്തിലടക്കം ഇസ്രായേൽ ആക്രമണം ഉണ്ടായി.
മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതോടെ ഒന്നര ലക്ഷത്തോളം ആളുകൾ പലായനത്തിനൊരുങ്ങുകുയാണ്. ബുറൈജ് ക്യാമ്പിന്റെ അടുത്ത് ടാങ്കുകൾ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രദേശത്തെ ക്യാമ്പുകളിൽ കഴിയുന്നവരരടക്കമുള്ള ജനങ്ങളോട് ദേർ അൽ ബലാഹ് പട്ടണത്തിലേക്ക് മാറാൻ നേരത്തേ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലക്ഷങ്ങൾ ജനങ്ങൾ അഭയം പ്രാപിച്ച നഗരത്തിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയിൽ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതേ സമയം ലെബനൻ അതിർത്തിയിൽ ആക്രമണം കടുപ്പിച്ച ഹിസ്ബുള്ളയെ നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്ന് ഇസ്രായേൽ മന്ത്രി മുന്നറിയിപ്പ് നൽകി. വെടിയുതിർക്കുന്നത് നിർത്തിയില്ലെങ്കിൽ ഇസ്രായേൽ സൈന്യം ഇടപെടുമെന്ന് ബെന്നി ഗാന്റ്സ് വ്യക്തമാക്കി.