കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടനിർമ്മാണത്തിന് സർക്കാർ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 2 കോടി രൂപ അനുവദിച്ചത്. 1200ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളാണ് ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ്. സ്കൂളിൽ ലാബുകളും ക്ലാസുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ പുതിയ കെട്ടിടം വേണമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കെ വി സുമേഷ് എംഎൽഎ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് കണ്ടു നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്.
സ്കൂളിൻ്റെ മാസ്റ്റർ പ്ലാൻ പ്രകാരം 'ഹൈസ്ൾ വിഭാഗത്തിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ആധുനിക രീതിയിലുള്ള ലാബ്, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഫണ്ടിലൂടെ നിർമ്മിക്കുക. ഇതിന് മുമ്പും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിലേക്ക് ഫണ്ടുകൾ അനുവദിക്കുകയും നിർമ്മാണ പ്രവൃത്തി നടത്തുകയുംചെയ്തിട്ടുണ്ട്. എന്നാൽ മാറുന്ന വിദ്യാഭ്യാസ രീതികൾക്കൊപ്പം ആധുനിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും തുക ലഭ്യമാക്കിയതെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ടെണ്ടർ നടപടികളിക്ക് കടക്കുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു.