ബെംഗളൂരു :- ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് മുതൽക്കൂട്ടായി ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ലൊക്കേഷൻ മാർക്കറായി ചന്ദ്രയാൻ -3-ന്റെ ലാൻഡർ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ലാൻഡറിലെ പേലോഡായ ലേസർ റിട്രോ ഫ്ളെക്ടർ അറേ (എൽ.ആർ.എ.)യിൽ നിന്നുള്ള സിഗ്നലുകൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിന് ലഭിച്ചു. ഡിസംബർ 12-ന് നാസയുടെ പേടകം ലാൻഡർ കിടക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റർ ഉയരത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് സിഗ്നലുകൾ ലഭിച്ചത്. പേടകത്തിൽനിന്നുള്ള ലേസർ പ്രകാശം എൽ.ആർ.എ.യിൽ തട്ടി തിരിച്ചുവന്നു. നാസ നിർമിച്ചതാണ് എൽ.ആർ.എ. എന്ന ഉപകരണം. രണ്ടിഞ്ച് വലുപ്പമുള്ള ഉപകരണത്തിന് 20 ഗ്രാമാണ് ഭാരം.
മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ളെക്ടറുകൾ) ഉപകരണത്തിലുണ്ട്. ഏത് ദിശയിൽനിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ സാധിക്കും. ഇനിമുതൽ ലാൻഡർ കിടക്കുന്ന സ്ഥലത്തുനിന്ന് നിശ്ചിത അകലവും ദിശയും കണക്കാക്കി ഈ ഭാഗത്ത് പേടകങ്ങൾ ഇറക്കാൻ സാധിക്കും. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്.