ചാല :- ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ചാല ബൈപ്പാസിൽ പാലം നിർമിക്കുന്നതിനാൽ താഴെ ചൊവ്വ - നടാൽ ബൈപ്പാസിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ ഗതാഗതനിയന്ത്രണം നിലവിൽ വന്നു. ജനുവരി 31-ന് രാത്രി വരെ ഈ നിയന്ത്രണം തുടരും.
രാത്രി 9 മണി മുതൽ രാവിലെ ആറുവരെയാണ് നിർമാണം നടക്കുന്നത്. ഈ സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കണ്ണൂരിൽനിന്ന് വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയായ താഴെചൊവ്വ-തോട്ടട -നടാൽ വഴി പോകണം. മിംസ് ആസ്പത്രിക്കും ബേബി മെമ്മോറിയൽ ആസ്പത്രിക്കും സമീപത്തായി ചാല തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാനാണ് പാലം നിർമിക്കുന്നത്. ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുള്ള നിർമാണം റോഡിൽ നടക്കും. ഇതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.