കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ അരികിലായി നടക്കുമ്പോൾ വഴുതിവീഴാത്ത തരത്തിലുള്ള ടൈലുകൾ പാകിയതായി ഡിവിഷണൽ റെയിൽവേ മാനേജർ (വർക്സ്) മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷ നിൽ കിഴക്കും പടിഞ്ഞാറുമുള്ള പ്ലാറ്റ്ഫോമിലെയും മേൽപ്പാലത്തിലെയും വഴുക്കലുണ്ടാക്കുന്ന ടൈലുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ നടപടിയെടുക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടിരുന്നു.
മേൽപ്പാലത്തിലും പടികളിലും ഗാങ്‌വേയിലും വഴുക്കലുണ്ടാക്കാത്ത ടൈലുകൾ പാകിയതായും റെയിൽവേ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി.ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.