ഇരിട്ടി :- സഹപാഠിക്ക് സ്നേഹവീടിൻ്റെ തണലൊരുക്കി തില്ലങ്കേരിയിലെ കാവുംപടി സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് മുടക്കോഴിയിലെ അഞ്ചംഗ കുടുംബത്തിനാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. കെ.കെ ശൈലജ എം.എൽ.എ കുടുംബത്തിന് താക്കോൽ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി.
'വിദ്യാർഥിക്ക് ഒരു സ്നേഹഭവനം' പദ്ധതി പ്രകാരം 145 ദിവസം കൊണ്ടാണ് സ്നേഹവീട് പൂർത്തിയാക്കിയത്. എട്ടുലക്ഷം രൂപ ചെലവിൽ 800 ചതുരശ്രയടിയിൽ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, സിറ്റ്ഔട്ട് എന്നിവയുണ്ട്. ടൈൽ പാകി, വയറിങ്ങും പ്ലമ്പിങ്ങും ഉൾപ്പെടെ പൂർത്തിയാക്കിയശേഷമാണ് വീട് കൈമാറിയത്.
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മാത്രമല്ല, വീട് നൽകിയ വിദ്യാർഥിയുടെ പിതാവിന്റെ എസ്.എസ്.എൽ.സി സഹപാഠികളും നാട്ടുകാരും സ്നേഹവീടൊരുക്കുന്നതിന് സഹായം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ കുര്യാക്കോസ് നേതൃത്വം നൽകി. വീട് കൈമാറ്റച്ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്, തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, എൻ.എസ്.എസ് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, മാനേജർ ടി. മജീദ്, പി.ടി.എ പ്രസിഡൻ്റ് പി. ബിജു, സ്റ്റാഫ് സെക്രട്ടറി വി.വി രതീഷ്, പ്രഥമധ്യാപിക മിനി ജോസഫ്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.