മാലിന്യം തള്ളൽ ; 50,000 രൂപ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ


തിരുവനന്തപുരം :- മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വർഷം വരെ തടവും നിശ്ചയിക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസാക്കി. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങളാണ് ബില്ലിലൂടെ നൽകുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകൾ പൂർണമായും സെക്രട്ടറിമാർക്കായിരിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ സെക്രട്ടറിക്കു ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വർധിപ്പിച്ചു. പിഴ അടച്ചില്ലെങ്കിൽ പൊതുനികുതി കുടിശികയായി കണക്കാക്കും. യൂസർഫീസ് അടച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള മറ്റു സേവനങ്ങൾ തടയാൻ സെക്രട്ടറിമാർക്ക് അധികാരമുണ്ടെന്നും വ്യവസ്‌ഥ ചെയ്യുന്നു. 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

•മാലിന്യം വേർതിരിച്ചു നിക്ഷേപിക്കണം. ലംഘിക്കുന്നവർക്കെതിരെ 1000 മുതൽ 10000  വരെ പിഴ ചുമത്താം.

•മലിനജലം റോഡ്, പൊതുസ്ഥ‌ലം, ജലാശയം, അഴുക്കുചാലുകൾ എന്നിവിടങ്ങളിലേക്ക് ഒഴുക്കി  വിട്ടാൽ പിഴ 5000 രൂപ മുതൽ 50000 

•തെരുവിലോ ഓടയിലോ പൊതുസ്‌ഥലത്തോ മാലിന്യം വലിച്ചെറിയുന്നവർക്ക് 5000 രൂപ വരെ പിഴ

• ജലാശയങ്ങൾ മലിനപ്പെടുത്തിയാൽ 10000 മുതൽ 50000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരുവർഷം വരെ തടവും.

•മാലിന്യം കടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ സെക്രട്ടറിക്കോ, സെക്രട്ടറി ചുമതലപ്പെടുത്തിയ ആൾക്കോ, സബ് ഇൻസ്പെക്ട‌ർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥനോ പിടിച്ചെടുക്കാം.

•മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വിവരം നൽകുന്നവർക്ക് പാരിതോഷികം. തെറ്റായ വിവരമെങ്കിൽ 10000 രൂപ വരെ പിഴ.

•യൂസർ ഫീസ് തദ്ദേശ സ്ഥാപനത്തിനു നിശ്ചയിക്കാം.

•യൂസർഫീ അടയ്ക്കുന്നതിൽ വീഴ്ച‌ വരുത്തിയാൽ 90 ദിവസത്തിനു ശേഷം പ്രതിമാസം 50% ശതമാനം പിഴ ഈടാക്കും.

•നൂറിലധികം ആളുകളുടെ പങ്കെടുക്കുന്ന പരിപാടിയോ ഒത്തു ചേരലോ സംഘടിപ്പിക്കുന്നവർ 3 ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനത്തിന്റെ അനുമതി വാങ്ങി യൂസർ ഫീ അടക്കണം 

Previous Post Next Post