കനത്ത ചൂടിൽ ഉത്തരമലബാർ ; ഉയർന്ന ചൂട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ


കണ്ണൂർ :- ജനുവരിയിലെ അപ്രതീക്ഷിത മഴ കഴിഞ്ഞതോടെ ഉത്തര മലബാർ വീണ്ടും കടുത്ത ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളിലെ താപനില പരിശോധിച്ചാൽ ചൂടൻ ദിനങ്ങളേറെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. ചെമ്പേരിയിൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. പാണത്തൂരിൽ 40.1 ഡിഗ്രി, അയ്യൻകുന്നിൽ 39.5 ഡിഗ്രി എന്നിങ്ങനെ ഉയർന്ന താപനില അനുഭവപ്പെട്ടു. ആറളത്തും ഇരിക്കൂറിലും 38 ഡിഗ്രിക്കു മുകളിലുള്ള താപനില കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. ഓട്ടമാറ്റിക് വെതർ ‌സ്റ്റേഷനുകൾ പ്രവർത്തന ക്ഷമമായതോടെയാണു പ്രാദേശിക മേഖലകളിലെ ഉൾപ്പെടെ താപനിലയും മറ്റു കാലാവസ്ഥാ വിവരങ്ങളും കൃത്യമായി അറിയാൻ തുടങ്ങിയത്. വേനൽ കടുക്കും മുൻപു തന്നെ താപനില ഇത്ര ഉയർന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞയാഴ്‌ചയിലെ ചില ദിവസങ്ങളിൽ രാജ്യത്തെ തന്നെ ഉയർന്ന താപനില രേഖപ്പെടുത്തിയതു കണ്ണൂരിലാണ്.

സംസ്‌ഥാനത്തെ ഉയർന്ന ശരാശരി താപനില മിക്കയിടത്തും 35 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ അനുഭവപ്പെടുന്നുണ്ട്. ജില്ലകളിലെ ശരാശരി താപനിലയിൽ 2-3 ഡിഗ്രിയുടെ വർധനയുണ്ടായി. താപനിലയിൽ അസാധാരണ വർധന ഉണ്ടായതിനെ തുടർന്നു ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കു വേനൽക്കാല മുന്നൊരുക്കത്തിനു നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ ദിവസവും 3 തവണ കുട്ടികൾക്കു വെള്ളം കുടിക്കാൻ സ്‌കൂളുകളിൽ വാട്ടർ ബെൽ അടിക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

വരണ്ട അന്തരീക്ഷമായതിനാൽ തീപിടുത്ത സാധ്യതയും കൂടുതലാണ്. കാസർകോട് മഞ്ചേശ്വരം കുബണൂരിൽ കഴിഞ്ഞ ദിവസം മാലിന്യ പ്ലാൻ്റിനു തീപിടിച്ചിരുന്നു. കൂടാതെ വെള്ളരിക്കുണ്ട് പരപ്പയിലും തീപിടുത്തമുണ്ടായി. മാലിന്യക്കൂമ്പാരങ്ങളിലും കാടു പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും തീപിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. വേനൽക്കാലത്തു ജലദൗർലഭ്യമുണ്ടാകാനുള്ള സാധ്യതകൾ കണക്കാക്കി ജലവിനിയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശ്രദ്ധ വേണം. ജനുവരി അവസാനയാഴ്‌ച മുതൽ സംസ്‌ഥാനത്തു ശക്‌തമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രദേശികമായി ശുദ്ധജല പ്രശ്നങ്ങളും തുടങ്ങിയിട്ടുണ്ട്.

Previous Post Next Post