അണ്ടല്ലൂർകാവ് :- അണ്ടല്ലൂർകാവ് ഉത്സവത്തിന്റെ ഭാഗമായ കുടവരവ് വെള്ളിയാഴ്ച. സന്ധ്യക്ക് ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ വിളക്കും പൂജാദ്രവ്യങ്ങളുമായി സ്ഥാനികൻ മേലൂർ കറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തുന്നതോടെയാണ് കുടവരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കമാകുക.
കണിശസ്ഥാനികൻ ഓലക്കുട ഗുരുസ്ഥാനത്ത് എത്തിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് തിരുവായുധം വഹിച്ച് പെരുംകൊല്ലനും എത്തിച്ചേരും. ചടങ്ങുകൾക്കുശേഷം മേലൂർ മണലിൽ എത്തിക്കുന്ന കുട ഭക്തജനങ്ങൾ വണങ്ങിയശേഷം വ്രതനിഷ്ഠരായ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ശനിയാഴ്ച പുലർച്ചെ കുട ക്ഷേത്രത്തിലെത്തുന്നതോടെയാണ് തെയ്യാട്ടങ്ങൾക്ക് തുടക്കമാകുക. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറുടെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതാണ് ഈ ഓലക്കുട.
വ്യാഴാഴ്ച ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, കലശമാടി പൂജ എന്നിവ നടന്നു. ചക്കതാഴ്ത്തലും നടന്നു. തെയ്യാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മൂത്തകൂർ പെരുവണ്ണാൻ വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിലെത്തി. പാണ്ട്യഞ്ചേരിപ്പടിയിൽ ക്ഷേത്രസ്ഥാനികരും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ ചക്ക കൊത്തും ചക്കനിവേദ്യവും നടന്നു.
വീടുകളിൽ നിന്ന് ശേഖരിച്ച് എത്തിച്ച ചക്കകൾ രാത്രി ക്ഷേത്രത്തിൽ നിവേദിച്ച ശേഷം മുറിച്ച് വിതരണം ചെയ്തു. കാർഷിക സംസ്കൃതിയോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന ചടങ്ങാണ് ചക്കകൊത്തും ചക്കനിവേദ്യവും. അണ്ടലൂർ ക്ഷേത്രത്തിൽ ചക്ക കൊത്തിയ ശേഷമേ ധർമടം ഗ്രാമവാസികൾ ചക്ക ഉപയോഗിക്കുകയുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഗ്രാമ ഉത്പന്നങ്ങളുടെ വിതരണവും പങ്കു വെക്കലും സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.