ഗുരുവായൂർ ആനക്കോട്ടയിലെ വിവരങ്ങൾ ഇനി ഓൺലൈനിൽ ലഭ്യമാകും ; 'നെറ്റിപ്പട്ടം ' പദ്ധതി ഒരുങ്ങുന്നു


തൃശ്ശൂർ :- ആനക്കോട്ടയിലെ ഓരോ ആനയുടെയും ചിത്രം സഹിതമുള്ള പേര്, ഉയരം, ഭാരം, നടയിരുത്തിയതിൻ്റെ വിവരങ്ങൾ, തീറ്റയുടെ അളവ്, ആരോഗ്യസ്ഥിതി, രോഗാവസ്ഥയുണ്ടെങ്കിൽ ചികിത്സ ക്രമങ്ങൾ, ഏറ്റവുമൊടുവിൽ കഴിച്ച മരുന്ന്, ഡോക്ടറുടെ കുറിപ്പടികൾ തുടങ്ങിയവയെല്ലാം അറിയാൻ ഓൺലൈൻ സംവിധാനം വരുന്നു. ഓരോ ആനയെക്കുറിച്ചും സമഗ്രവിവരങ്ങൾ അറിയാമെന്ന് മാത്രമല്ല, എഴുന്നള്ളിപ്പുകൾക്ക് ഓൺലൈനായി ബുക്ക് ചെയ്യാനും കഴിയും. പാപ്പാൻമാരുടെ വിവരങ്ങളും ചിത്രം സഹിതമുണ്ടാകും. ഇതിനായി ദേവസ്വം ഐ.ടി വിഭാഗം രൂപരേഖ തയ്യാറാക്കി. 'നെറ്റിപ്പട്ടം' എന്നാണ് ഓൺലൈൻ പദ്ധതിയുടെ പേര്. ആനക്കോട്ടയിൽ മൊത്തം എത്ര ആനകളുണ്ട്, എത്രയെണ്ണം നീരിലുണ്ട്, ഏതൊക്കെ ആനകളാണ് എഴുന്നള്ളിപ്പുകൾക്ക് പോയിട്ടുള്ളത്, ബാക്കി ലഭ്യമായ ആനകളേതൊക്കെ, അവയുടെ ഏക്കത്തുക തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയശേഷം ഓൺലൈനായിത്തന്നെ ആനയെ ഏൽപ്പിക്കാവുന്ന തരത്തിൽ ലളിതമാകുകയാണ് കാര്യങ്ങൾ.

നിലവിൽ ഗുരുവായൂർ ദേവസ്വത്തിന്റെ ഒരാനയെ ഏൽപ്പിക്കണമെങ്കിൽ പലതവണ ആനക്കോട്ടയിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ആവശ്യമുള്ള ആനയുടെ ഏക്കത്തുക ബാങ്കിൽ പോയി ഡി.ഡി ആക്കി കൊണ്ടു വരേണ്ട പഴഞ്ചൻ രീതിയാണിപ്പോഴും. സോഫ്റ്റ് വെയറിന്റെ രൂപരേഖ ദേവസ്വം ഭരണസമിതി അംഗീകരിച്ചാൽ മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കാനാകുമെന്ന് ദേവസ്വം ഐ.ടി വിഭാഗം മേധാവി അനൂപ് കെ ചന്ദ്രൻ അറിയിച്ചു.

Previous Post Next Post