തെങ്ങിന് ഇൻഷൂറൻസ് ഉണ്ട് ; പദ്ധതിയിൽ ചേർന്നവർ രണ്ടുശതമാനത്തിൽ താഴെ മാത്രം


വടകര :- നാളികേര വികസനബോർഡിലൂടെ നടപ്പാക്കുന്ന നാളികേര ഇൻഷുറൻസ് പദ്ധതിയിൽ പ്രാതിനിധ്യം നാമമാത്രം. രാജ്യത്ത് കൂടുതൽ തെങ്ങുകൃഷിയുള്ള കേരളത്തിലെ ആകെ കൃഷിയുടെ രണ്ടുശതമാനം പോലും ഇൻഷുറൻസ് പരിരക്ഷയിൽ വരുന്നില്ല. 2009 മുതൽ 2023 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ 12,253.7 ഹെക്ടർ സ്ഥലത്തെ തെങ്ങുകൃഷി മാത്രമാണ് ഇൻഷുറൻസ് പരിധിയിലുള്ളത്. ആകെ 7.65 ലക്ഷം ഹെക്ടറിൽ നാളികേര കൃഷിയുണ്ട്.

പ്രകൃതിക്ഷോഭത്തിലും കീടബാധയിലും തെങ്ങുകൃഷി നശിക്കുമ്പോൾ ഒരു തെങ്ങിന് 900 രൂപ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. തെങ്ങിന് ഒമ്പതു രൂപയാണ് പ്രീമിയം. ഇതിന്റെ 50 ശതമാനം നാളികേര വികസനബോർഡും 25 ശതമാനം സംസ്ഥാനസർക്കാരും വഹിക്കണം. 25 ശതമാനം ഗുണഭോക്തൃവിഹിതമാണ്. ഇത് 2.25 രൂപ മാത്രമേ വരൂ. ഇതുവരെ കേരളത്തിൽനിന്ന് 1.26 കോടി രൂപയാണ് പ്രീമിയമായി അടച്ചത്. 3.41 കോടി രൂപ ഇൻഷുറൻസ് ക്ലെയിമായി നൽകി. 7394 കർഷകർക്ക് പ്രയോജനം ലഭിച്ചു. നാളികേര വികസന ബോർഡിനുകീഴിലെ എട്ടു നാളികേര ഉത്പാദക സംസ്ഥാനങ്ങളിലായി ആകെ 47.1 ലക്ഷം തെങ്ങുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതിൽ കേരളത്തിൽനിന്ന് 21 ലക്ഷം തെങ്ങുകളുണ്ട്. തമിഴ്നാട്ടിൽ 11.8 ലക്ഷം തെങ്ങും മഹാരാഷ്ട്രയിൽ 10.8 ലക്ഷം തെങ്ങും ഇൻഷുർ ചെയ്തു. ഇൻഷുർ ചെയ്ത തെങ്ങുകളുടെ എണ്ണത്തിൽ കേരളം മുന്നിലാണെങ്കിലും മൊത്തം കൃഷിയും തെങ്ങുകളുടെ എണ്ണവും നോക്കുമ്പോൾ പിന്നിലാണ്.

സംസ്ഥാനത്ത് നാളികേര വികസനബോർഡിനുകീഴിൽ രജിസ്റ്റർചെയ്ത 7174 നാളികേര ഉത്പാദകസംഘങ്ങളിലായി 10.34 കോടി തെങ്ങുകളുണ്ട്. ഇതിൽ 9.80 കോടി തെങ്ങുകളും കായ്ക്കുന്നതാണ്. ഈ സംഘങ്ങൾക്ക് കീഴിൽ 3.03 ലക്ഷം ഹെക്ടർ കൃഷിസ്ഥലവും 6.91 ലക്ഷം കർഷകരുമുണ്ട്. എന്നിട്ടും ഇൻഷുറൻസ് ചെയ്തത് 52,757 കർഷകർ മാത്രം.

ഇൻഷുറൻസ് പദ്ധതി കർഷകരിലേക്ക് എത്താത്തതിന് കാരണമായി കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് (സി.എ.സി.പി) ഒന്നിലേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിലൊന്ന് വേണ്ടത്ര സാമ്പത്തികസഹായം സർക്കാരുകളിൽ നിന്ന് കിട്ടാത്തതാണ്. 2022-23 വർഷം നാളികേര വികസന ബോർഡ് പദ്ധതിക്കായി നീക്കിവെച്ചത് 20 ലക്ഷം രൂപയാണ്. 2.87 ലക്ഷം തെങ്ങ് ഇൻഷുർ ചെയ്യാനുള്ള തുകയാണിത്. വേണ്ടത്ര പ്രചാരണമില്ലാത്തതാണ് മറ്റൊരു കാരണം.

Previous Post Next Post