ഇന്ത്യയിലെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവജനങ്ങൾ


ന്യൂഡൽഹി :- ഇന്ത്യയിലെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവജനങ്ങൾ. ഹയർ സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും നേടിയവരുടെ ഇടയിൽ കഴിഞ്ഞ ദശകത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും 2024 ലെ ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് പറയുന്നു. അഭ്യസ്തവിദ്യരുടെ ഇടയിൽ 2000 ൽ 35.2 % ആയിരുന്നു തൊഴിലില്ലായ്മയെങ്കിൽ 2022 ൽ 65.7 % ആയി ഉയർന്നു. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റും (ചേർന്നാണു റിപ്പോർട്ട് പുറത്തു വിട്ടത്. അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും നല്ല ജോലികൾ ലഭിക്കുന്നില്ലെന്നും പഠനവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാരിൻ്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി.അനന്ത നാഗേശ്വരൻ പറഞ്ഞു. 

രാജ്യത്തെ തൊഴിൽശക്ത‌ിയുടെ 90 % പേരും അസംഘടിത മേഖലയിലാണു പണിയെടുക്കുന്നത്. സംഘടിത മേഖലയിലെ തൊഴിലവസരം 2000 നു ശേഷം കാര്യമായി ഉയർന്നെങ്കിലും 2018 നുശേഷം കുറഞ്ഞു. തൊഴിലുണ്ടെങ്കിലും സാമൂഹിക, തൊഴിൽ സുരക്ഷ ഇല്ലാത്ത അവസ്‌ഥ വ്യാപകമാണ്. ഇന്ത്യയിൽ യുവ തൊഴിൽശക്‌തി വലുതായതു നേട്ടമാണെങ്കിലും വലിയൊരു വിഭാഗത്തിനും തൊഴിൽ വൈദഗ്ധ്യം തീരെയില്ലെന്നു റിപ്പോർട്ട് കണ്ടത്തുന്നു- 75% യുവാക്കൾക്കും ഇമെയിലിനൊപ്പം അറ്റാച്ച്മെന്റ് അയയ്ക്കാൻ അറിയില്ല. 60% പേർക്കും ഫയലുകൾ കോപ്പി ചെയ്ത്‌ പേസ്‌റ്റ് ചെയ്യാൻ പോലും അറിയില്ല.

Previous Post Next Post