ഇനി വ്രതവിശുദ്ധിയുടെ നാളുകൾ


കൊളച്ചേരി:- വ്രതവിശുദ്ധിയുടെ പകലിരവുകൾക്ക് ആരംഭം. ഇന്ന് മുതൽ റമസാൻ. ഇന്നലെ  റമസാൻ മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ റമസാൻ ഒന്ന് ഇന്ന് ആയിരിക്കുമെന്ന്  ഖാസിമാർ അറിയിച്ചതോടെ വിശ്വാസികൾ പുണ്യമാസത്തിന്റെ ആരാധനകളിൽ വ്യാപൃതരായി.

മനസ്സും ശരീരവും അള്ളാഹുവിന് മുമ്പിൽ സമർപ്പിച്ച് വിശ്വാസികൾ ആരാധനാ കർമങ്ങളാൽ ധന്യമാക്കുന്ന ദിനങ്ങളാണിനി. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വിശ്വാസികൾ അല്ലാഹുവിനോട് പ്രാർഥനകളിൽ മുഴുകുന്നു. രാത്രി തറാവീഹ് നിസ്കാരത്തിലും അവർ വ്യാപൃതരാകുന്നു. പാപമോചനത്തിനും പുണ്യം നേടാനുമുള്ള അവസരമായാണ് വിശ്വാസികൾ വിശുദ്ധ റമസാനിനെ ഉപയോഗപ്പെടുത്തുന്നത്. സത്കർമങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പ്രതിഫലമുള്ള ലൈലതുൽ ഖദ്റ് വിശുദ്ധ റമസാനിലാണ്. വിശുദ്ധ റമസാനിനെ വരവേൽക്കാൻ വിശ്വാസികൾ നേരത്തേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മസ്‌ജിദുകളിലും പൊതുസ്ഥലങ്ങളിലും കൂട്ട ഇഫ്‌താറുകൾ, പഠന ക്ലാസ്സുകൾ, റമസാൻ പ്രഭാഷണം, ഇഅ്‌തികാഫ് ജൽസ, റിലീഫ് ഡേ തുടങ്ങിയ വിവിധ പദ്ധതികൾക്ക് മുസ്‌ലിം സംഘടകൾ രൂപം നൽകിയിട്ടുണ്ട്.

Previous Post Next Post