വളപട്ടണം :- വളപട്ടണം റെയിൽവേ സ്റ്റേഷനിൽ വാഹനപാർക്കിങ്ങിന് സൗകര്യമൊരുങ്ങുന്നു. റെയിൽവേയുടെ സ്ഥലത്ത് നിലം കോൺക്രീറ്റ് ചെയ്താണ് സൗകര്യമൊരുക്കുന്നത്. കണ്ണൂരിലെ സിമൻ്റ് ഇറക്കുമതിയുടെ കേന്ദ്രമാണ് സ്റ്റേഷൻ. ഇവ നൂറോളം ലോറികളിൽ കയറ്റിയാണ് വ്യാപാരികളുടെ ഗോഡൗണിലെത്തിക്കുന്നത്. ഈ ലോറികളുടെ പാർക്കിങ്ങും ലക്ഷ്യമിട്ടാണ് സ്റ്റാൻഡ് പണിയുന്നത്. യാത്രക്കാരുടെ വാഹനങ്ങളും നിർത്തിയിടാനാകും. ഇവയ്ക്ക് ഫീ നൽകണം. വൈദ്യുതവിളക്കുകൾ സ്ഥാപിക്കണം.
മലബാർ, ഏറനാട് എക്സ്പ്രസുകൾക്കും നാല് പാസഞ്ചർ വണ്ടികൾക്കും മാത്രമേ സ്റ്റേഷനിൽ സ്റ്റോപ്പുള്ളൂ. യാത്രാക്കൂലിയിനത്തിൽ പ്രതിമാസം 60,000 രൂപയുടെ വരുമാനമാണ് റെയിൽവേക്ക് കിട്ടുന്നത്. അതേസമയം പ്രതിമാസം 420 വാഗൺ വഴി അഞ്ചുലക്ഷം രൂപ വരുമാനം സിമന്റ് ഇറക്കുമതിയിലൂടെ കിട്ടുന്നുണ്ട്.