തിരുവനന്തപുരം :- ശബരിമലയിൽ അടുത്ത തീർഥാടനകാലം സുഗമമാക്കുന്നതിനെക്കുറിച്ചുള്ള അവലോകന യോഗം ഇന്നു പമ്പയിൽ നടക്കും. മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അടിയന്തരമായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുക. സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ അരവണ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ആലോചന നടത്തും.
കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തി തീർഥാടകർക്ക് പണമിടപാടുകൾ സൗകര്യപ്രദമാക്കുന്ന നടപടികൾ തുടരുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ തീർഥാടന കാലത്ത് തിരക്കുമൂലം ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഭക്തരടക്കം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ആലോചനകളും ഇന്നത്തെ യോഗത്തിലുണ്ടാകും. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കൽ, വിവിധ തദ്ദേശ സ്‌ഥാപനങ്ങളിൽ ശുചിമുറി സൗകര്യം വർധിപ്പിക്കൽ, പമ്പാ സ്‌നാനഘട്ടത്തിൽ സൗകര്യം തുടങ്ങിയ വിഷയങ്ങളും അജൻഡയിലുണ്ട്. ജനുവരി 20 ന് സമാപിച്ച മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് 52 ലക്ഷം പേരാണ് ശബരിമലയിലെത്തിയത്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവലോകനം നടത്തി വരും വർഷ തീർഥാടന ഒരുക്കങ്ങളും ആരംഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.