കണ്ണൂർ :- മോട്ടോർവാഹനവകുപ്പിൻ്റെ ഓഫീസുകളിൽ ഇനി കൗണ്ടറുകൾ പ്രവർത്തിക്കില്ല. മോട്ടോർവാഹന വകുപ്പിൻ്റെ ഓഫീസുകളിൽ എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് കൗണ്ടറുകൾ നിർത്തലാക്കുന്നത്. ലൈസൻസ് കൗണ്ടർ, വാഹന നമ്പറുകൾ അനുസരിച്ച് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന കൗണ്ടറുകൾ എന്നിങ്ങനെ 11 കൗണ്ടറുകളാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിൽ പ്രവർത്തിച്ചിരുന്നത്.
ഒന്നുമുതൽ 999 വരെ നമ്പറുകളുള്ള വാഹനങ്ങൾക്ക് ഒരു കൗണ്ടർ, തുടർന്നുള്ള നമ്പറുകൾക്ക് അടുത്ത കൗണ്ടർ എന്നിങ്ങനെ 10000 വരെ നമ്പറുകൾ അനുവദിച്ചുകൊണ്ടുള്ള 10 കൗണ്ടറുകളാണ് ജില്ലാ ഓഫീസിൽ പ്രവർത്തിച്ചിരുന്നത്. പുതിയ ഉത്തരവു പ്രകാരം ഒന്നുമുതൽ 10000 വരെ നമ്പറുകളുള്ള വാഹനങ്ങൾ സംബന്ധിച്ച അപേക്ഷകളും പരാതികളുമെല്ലാം പബ്ലിക്ക് റിലേഷൻസ് ഓഫീസർവഴി മാത്രമാണ് പോകുക. ഓഫീസുകളിലെത്തുന്നവർക്ക് പുതിയ ഉത്തരവ് പ്രകാരം സ്ഥാപനത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ മുൻപാകെ മാത്രം സന്ദർശനം അനുവദിച്ചാൽ മതിയെന്നാണുള്ളത്. മറ്റുവിഭാഗങ്ങളിലേക്കും ഓഫീസർമാരുടെ മുറികളിലേക്കും പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവിലുണ്ട്.
അപേക്ഷകളിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ മാത്രം ഓഫീസ് മേധാവിയെ കണ്ട് പരിഹാരം തേടുന്നതിന് സന്ദർശകരെ അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. വാഹനങ്ങളുമായും ലൈസൻസുമായും ബന്ധപ്പെട്ടുള്ള പല സേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി ദിവസേന നിരവധിപേരാണ് വകുപ്പിൻ്റെ ജില്ലാ, മേഖലാ ഓഫീസുകളിൽ എത്തുന്നത്. ഓഫീസുകൾക്കുള്ളിൽ പൊതുജനം പ്രവേശിക്കേണ്ടതില്ലെന്നതാണ് ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്നത് ട്രാൻസ്പോർട്ട് ഓഫീസ് അധികൃതർ പറഞ്ഞു.