കമ്പിൽ :- ജൽജീവൻ മിഷൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും പൈപ്പ് ലൈൻ വലിച്ച് വാട്ടർ കണക്ഷൻ നൽകുകയും മെച്ചപ്പെട്ട രീതിയിൽ വെള്ളം നൽകി വരുന്നുണ്ടെങ്കിലും പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്രധാന പ്രദേശമായ ചെറുക്കുന്ന് ഭാഗത്തേക്ക് പൈപ്പ് കണക്ഷൻ നൽകാതെ മാറ്റിനിർത്തിയിരിക്കുകയാണ്. CPIM ചെറുക്കുന്ന് ബ്രാഞ്ച് നിരവധി തവണ ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിക്കുകയും 750 മീറ്റർ ദൂരം റോഡിൻ്റെ ഇരുഭാഗത്തും പുതിയ പൈപ്പ് സ്ഥാപിച്ച് കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
2023 ഡിസംബർ മാസത്തിന് മുൻപ് പുതിയ ലൈൻ വലിക്കുന്നതിന് കരാർ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കണക്ഷൻ നൽകാൻ സാധിച്ചിട്ടില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചെറുക്കുന്ന് പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് എത്രയും വേഗം കുടിവെളളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് CPIM ചെറുക്കുന്ന് ബ്രാഞ്ച് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയറോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.