കണ്ണൂർ :- ഉയർന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലിൽ കേരളത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണത്താൽ ഇത്രയും ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-24 സാമ്പത്തിക വർഷം കേരളത്തിൽ വിവിധ കാരണങ്ങളാൽ കത്തിയത് 1100 ട്രാൻസ്ഫോർമറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം. ഒരു 100 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഏപ്രിലിൽ മാത്രം ആറു കോടി രൂപയ്ക്കു മുകളിൽ നഷ്ടം വന്നു. ഒരു 11 കെ.വി ട്രാൻസ്ഫോർമർ പരിധിയിൽ ശരാശരി 600-700 ഗാർഹിക ഉപയോക്താക്കളുണ്ട്. കത്തിയവയ്ക്കു പകരം ട്രാൻസ്ഫോർമർ നൽകാനാകാതെ അന്തംവിട്ട് നിൽക്കുകയാണ് വൈദ്യുതിവകുപ്പ്. കഴിഞ്ഞവർഷം ഏപ്രിൽ - മേയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലിൽ അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാൻസ്ഫോർമറുകൾക്ക് പ്രവർത്തനഭാരം കൂടി.
11 കെ.വി. ലൈനിൽ ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോൾ വോൾട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയർ പരിധിക്കുമുകളിൽ ലോഡ് വന്നപ്പോൾ ട്രാൻസ്ഫോർമറുകൾ ചൂടായി കത്തുകയായിരുന്നു. ഒരു 11 കെ.വി ഫീഡറിൽ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതിൽ കൂടുമ്പോഴാണ് തകരാർ സംഭവിക്കുന്നത്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെയും പ്രവർത്തനം താത്കാലികമായി നിലച്ചു.
ഓർഡർ കൊടുത്ത 1198 ട്രാൻസ്ഫോർമറുകൾ > വന്നില്ല. 2023-24 വർഷം 1198 ട്രാൻസ്ഫോർമർ നിർമിക്കാനുള്ള ഓർഡർ വൈദ്യുതിവകുപ്പ് കെല്ലിനാണ് (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്) നൽകിയത്. എന്നാൽ, ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് വകുപ്പ് പറയുന്നു. പിന്നീട് വേറൊരു ഏജൻസിക്ക് കൊടുത്തെങ്കിലും 200 എണ്ണം മാത്രമാണ് ലഭിച്ചത്. തകരാറായാൽ മാറ്റിവെക്കാൻ ട്രാൻ സ്ഫോർമർ ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. സ്ഥിരമായി 80 ശതമാനത്തിലധികം ലോഡ് വരുന്ന ട്രാൻസ്ഫോർമറുകളുടെ സ്ഥിതി മനസ്സിലാക്കി പുതിയത് വെക്കുകയോ അല്ലെങ്കിൽ ശേഷി കൂട്ടുകയോ ചെയ്യാറുണ്ട്. ഇത് മുടങ്ങി. തകരാറിലായ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. എന്നാൽ, കാലതാമസം നേരിടുന്നത് തിരിച്ചടിയാണ്.