കോട്ടയം :- നാടൻ കാർഷികവിളകളുടെ വിത്തിന് കടുത്ത ക്ഷാമം. ഏപ്രിൽ തീരും വരെ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവ നടാം. എന്നാൽ മഞ്ഞൾ ഒഴികെയുള്ളവയുടെ വിത്തു തേടി കൃഷിക്കാർ നെട്ടോട്ടത്തിലാണ്. ഇതോടെ വിലയും വൻതോതിൽ കൂടി. പോയവർഷം അവസാനം വന്ന കാലം തെറ്റിയ മഴയാണ് വിളകളെ ബാധിച്ചത്. വിത്ത് വേണ്ടത്ര ശേഖരിച്ച് വെക്കാനായില്ല. ശേഖരിച്ച വിത്തുകൾക്ക് വിനയായത് കടുത്തചൂടും. ഇവ പൊടിഞ്ഞുപോയി.
കിലോഗ്രാമിന് 30 രൂപയായിരുന്ന ചേനവിത്തിന് 110 രൂപയാണിപ്പോൾ. കണ്ണൻ ചേമ്പിന് 60-ൽ നിന്ന് 200 രൂപയായിട്ടാണ് വില കുതിച്ചത്. ചീമച്ചേമ്പ് 20 രൂപയിൽനിന്ന് 45 രൂപയായി. കാച്ചിൽ 35-ൽനിന്ന് 80 രൂപയായി. ഇഞ്ചി വിത്തിന് 150-ൽനിന്ന് 250 ആയി. മഞ്ഞളിന് 20 രൂപയിൽ നിന്ന് 35 രൂപയായെങ്കിലും കാലാവസ്ഥാമാറ്റം വലിയ തോതിൽ ബാധിച്ചിട്ടില്ല.
ചേനയും ചേമ്പും കാച്ചിലും നല്ല വിത്തല്ലെങ്കിൽ മണ്ണുമൂടി അല്പദിവസത്തിനകം മുളവരുന്ന ഭാഗം ചീഞ്ഞ് പോകും. കാർഷിക കൂട്ടായ്മകൾ ശേഖരിച്ചുവെച്ച വിത്താണ് സംഭരിക്കുന്നതെന്ന് നാടൻ വിളകളുടെ സംരക്ഷകനായ ഗീവർഗീസ് തറയിൽ പറയുന്നു. ഇതും പരിമിതമാണ്. കിഴങ്ങ് വർഗങ്ങൾ കാട്ടുപന്നികളുടെ ഇഷ്ട ആഹാരമാണ്. എത്ര മികച്ച വേലി കെട്ടിയാലും പന്നികൾ അതുതകർത്ത് ഉള്ളിൽ കയറുമെന്ന് അദ്ദേഹം പറയുന്നു.