കൊച്ചി :- സംസ്ഥാനത്ത് സ്വർണ വിലയുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. ഏതാനും ദിവസത്തെ ഇടിവിനു ശേഷം പവൻ വില വെള്ളിയാഴ്ച 400 രൂപ ഉയർന്ന് 54,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കൂടി 6,815 രൂപയുമായി. ഇത് റെക്കോഡാണ്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയിലെത്തിയിരുന്നു.
നിലവിലെ മുന്നേറ്റം തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ പവൻവില 55,000 രൂപ കടക്കും. നിലവിലെ വിലയുടെ കൂടെ 480 രൂപ കൂടിയാൽ മാത്രം മതി 55,000 രൂപയിലെത്താൻ. ഇറാൻ-ഇസ്രയേൽ യുദ്ധപ്രതി സന്ധിയാണ് ഇപ്പോൾ സ്വർണ വില ഉയരാൻ കാരണം. പ്രതിസന്ധി രൂക്ഷമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയരും. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,377.20 ഡോളറിലാണ് വ്യാപാരം നടന്നത്.