സ്‌കൂളുകളിൽ കളിസ്ഥലം ; കൂടുതൽ സ്‌കൂളുകളിൽ കളിസ്ഥലമില്ല


തിരുവനന്തപുരം :- എല്ലാ സ്കൂളിലും കളിസ്ഥലമൊരുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനു വെല്ലുവിളി. സർക്കാർ സ്കൂളുകളിൽ 55 ശതമാനത്തിലേ കളിസ്ഥലങ്ങളുള്ളൂവെന്നതാണ് പ്രധാന പ്രശ്നം. എയ്‌ഡഡ് സ്കൂളുകളിൽ 75 ശതമാനത്തിലും കളിസ്ഥലങ്ങളുണ്ട്. ഹൈക്കോടതി, കേരള വിദ്യാഭ്യാസ ചട്ട(കെ.ഇ.ആർ)ത്തിൽ ഭേദഗതി ഉൾപ്പെടെ നിർദേശിച്ചതിനാൽ വിഷയത്തിൽ നയപരമായ തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. തിരഞ്ഞെടുപ്പിനുശേഷം ഇതു സംബന്ധിച്ച ചർച്ചകളിലേക്കു കടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 4747 സർക്കാർ സ്കൂളുകളുണ്ട്. 2644 എണ്ണ - ത്തിൽ മാത്രമേ കളിസ്ഥലമുള്ളൂ. അതായത്-55.70 ശതമാനം. എയ്‌ഡഡ് മേഖലയിലെ 7175 സ്കൂളുകളിൽ 5397- ലും കളിസ്ഥലമുണ്ട് -75.22 ശതമാനം. വിശാലമായ കളിസ്ഥലങ്ങളില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള കായികസൗകര്യമുള്ള സ്കൂളുകളുടെ കണക്ക് ഒന്നുകൂടി വിശദമായി തയ്യറാക്കും. 

ഹൈസ്കൂളിന് മൂന്നേക്കറും പ്രൈമറി സ്കൂളിന് ഒരേക്കറും സ്ഥലം വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കെ.ഇ.ആർ. ചട്ടത്തിലെ നാലാം അധ്യായത്തിൽ ഓരോ സ്കൂളിലും എത്ര വിസ്തീർണം കളിസ്ഥലം വേണമെന്നു വ്യവസ്ഥചെയ്തിട്ടില്ല. അനുയോജ്യമായ കളിസ്ഥലം ഉണ്ടായിരിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ഈ വ്യക്തതകുറവാണ്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഓരോ സ്കൂളിനും എത്ര വിസ്തീർണം കളിസ്ഥലം വേണമെന്ന് കെ.ഇ.ആറിൽ മാർഗ നിർദേശം പുറപ്പെടുവിക്കാനാണ് നിർദേശം.എല്ലാ സ്കൂളിലും ഉടനടി കളി സ്ഥലമൊരുക്കുന്നതു സർക്കാരിനു പ്രായോഗികമല്ല. കുട്ടികൾക്ക് ഏതെങ്കിലും രീതിയിലുള്ള കായികപരിശീലനം ഉറപ്പാക്കാനുള്ള നടപടിയെടുക്കും. കളിസ്ഥലം പങ്കുവെക്കുന്ന തരത്തിൽ 'ക്ലസ്റ്റർ സ്കൂൾ' സംവിധാനവും ഏർപ്പെടുത്തും. കായികപരിശീലനത്തിനുള്ള സൗകര്യം ഉറപ്പാക്കുന്ന തരത്തിൽ കെ.ഇ.ആറി ലും മതിയായ മാർഗരേഖ വരും. ഇതെല്ലാം വിശദീകരിച്ച് ഹൈക്കോടതിയിൽ നടപടി റിപ്പോർട്ടും സമർപ്പിക്കും.

Previous Post Next Post