കണ്ണൂർ:-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 75.70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാത്രി എട്ടു മണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ ജില്ലയില്‍ പൊതുവെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ്ങ് ഉണ്ടായി. തുടര്‍ന്ന് ഓരോ മണിക്കൂറിലും ശരാശരി ആറ് മുതല്‍ 7.5 ശതമാനം വരെയായി ക്രമാനുഗതമായ വര്‍ധനയാണ് വോട്ടിങ്ങ് നിലയില്‍ കണ്ടത്. രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്നത്. രണ്ട് മണിക്കൂറില്‍ 14.76 ശതമാനം പേര്‍ വോട്ട് ചെയ്തു. കഠിനമായ ചൂട് കാരണം ഉച്ചയോടെ പോളിങ്ങില്‍ നേരിയ കുറവ് ഉണ്ടായി. എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറില്‍ വോട്ട് ചെയ്യാനായി ആളുകള്‍ വലിയ തോതില്‍ തന്നെ എത്തി. വൈകിട്ട് മൂന്ന് മണി ആയപ്പോഴേക്കും ജില്ലയിലെ പോളിങ്ങ് ശതമാനം 55.37 ലേക്ക് ഉയര്‍ന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 75.30 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യ ഒരു മണിക്കൂറില്‍ 5.96 ആയിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ 12.63 ഉം 11 മണിയോടെ 26.96 ഉം ശതമാനമായി. ഉച്ചക്ക് ഒരു മണിയോടെ 41.50 ശതമാനത്തിലേക്ക് ഉയര്‍ന്ന പോളിങ്ങ് വൈകിട്ട് നാല് മണിയോടെ 61.47 ശതമാനമായി. ജില്ലയില്‍ ഏറ്റവും കൂടിയ പോളിങ്ങ് രേഖപ്പെടുത്തിയത് പയ്യന്നൂരാണ് 79.47 ശതമാനം. കുറവ് ഇരിക്കൂര്‍ മണ്ഡലത്തിലും 72.02.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കൂടിയ പോളിങ്ങ് നടന്നത് തളിപ്പറമ്പാണ്. കുറഞ്ഞ പോളിങ്ങ് ഇരിക്കൂര്‍ മണ്ഡലത്തിലാണ്. കണ്ണൂര്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്ങ് ശതമാനം: പയ്യന്നൂര്‍ 79.47%, കല്ല്യാശ്ശേരി 76.31%, ഇരിക്കൂര്‍ 72.02%, തളിപ്പറമ്പ് 78.77%, അഴീക്കോട് 74.87%, കണ്ണൂര്‍ 72.81%, ധര്‍മടം 76.64%, മട്ടന്നൂര്‍ 78.48%, പേരാവൂര്‍ 73.15%, തലശ്ശേരി 74.85%, കൂത്തുപറമ്പ് 75.10% എന്നിങ്ങനെയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിങ്ങ് ശതമാനം 83.2 ശതമാനമായിരുന്നു.
ജില്ലയില്‍ 2116876 വോട്ടര്‍മാരില്‍ 1602647 പേര്‍ വോട്ട് ചെയ്തു. വോട്ട് ചെയ്തതില്‍ 736419 (73.44%) പുരുഷന്‍മാരും 865134 (77.63%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ആകെ എട്ടുപേരുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നാലുപേര്‍ വോട്ട് ചെയ്തു.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 1178ബൂത്തുകളില്‍ 981 (83.27%) ല്‍ പോളിങ് പൂര്‍ത്തിയായി. വടകര മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരിയില്‍ 165ല്‍ 140 ഇടത്തും കൂത്തുപറമ്പില്‍ 172ല്‍ 128 ഇടത്തും പോളിങ് പൂര്‍ത്തിയായി. കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരില്‍ 181ല്‍ 158 ബൂത്തിലും കല്യാശ്ശേരി 170ല്‍ 130 ബൂത്തിലും പോളിങ് പൂര്‍ത്തിയായി.