രാജ്യത്തുനിന്നുള്ള രത്ന-ആഭരണ കയറ്റുമതിയിൽ ഇടിവ്




മുംബൈ :- മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള രത്ന-ആഭരണ കയറ്റുമതിയിൽ ഇടിവ്. 2022 - 23 സാമ്പത്തിക വർഷത്തെ 3,14,653.75 കോടിരൂപയിൽ നിന്ന് 2,69,201 കോടി രൂപയായാണിതു കുറഞ്ഞത്. 14.45 ശതമാനം ഇടിവ്. അമേരിക്കയിലെ ഉയർന്ന പലിശയും ചൈനയിൽ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന് വേഗം കുറഞ്ഞതും ആഭരണക്കയറ്റുമതി കുറയാൻ കാരണമായതായി പറയുന്നു.

മുറിച്ച് പോളിഷ് ‌ചെയ്ത വജ്രത്തിൻ്റെ കയറ്റുമതി 27.58 ശതമാനം വരെ കുറഞ്ഞതായി ജെംസ് ആൻഡ് ജൂവലറി കയറ്റുമതി പ്രോത്സാഹന കൗൺസിലിന്റെ (ജി.ജെ.ഇ.പി.സി.) കണക്കുകളിൽ പറയുന്നു. മുൻവർഷത്തെ 1,76,716 കോടി രൂപയിൽ നിന്ന് 1,32,128 കോടി രൂപയായാണ് കുറഞ്ഞത്. കൃത്രിമ വജ്രത്തിന്റെ കയറ്റുമതിയിൽ 13.79 ശതമാനമാണ് ഇടിവോടെ 13,468.32 കോടി രൂപയിൽനിന്ന് 11,611.25 കോടിയായാണു കുറഞ്ഞത്.

അതേസമയം, സ്വർണാഭരണങ്ങളുടെ കയറ്റുമതിയിൽ വർധനരേഖപ്പെടുത്തി. 2022-23 സാമ്പത്തികവർഷത്തെ 76,589.94 കോടി രൂപയിൽ നിന്ന് 92,346.19 കോടിയായാണ് ഇത് കൂടിയത്- 20.57 ശതമാനം വർധന. എന്നാൽ വെള്ളിയാഭരണങ്ങളുടെ കയറ്റുമതിയിൽ 44.97 ശതമാനം ഇടിവുണ്ടായി. 23,556.71 കോടിയിൽനിന്ന് 13,406 കോടിയായി കുറഞ്ഞു. പ്ലാറ്റിനം ആഭരണ കയറ്റുമതി 449.16 ശതമാനം വളർച്ചനേടി.

Previous Post Next Post