ഉയർന്ന ചൂട് ; സംസ്ഥാനത്ത് എ. സി കിട്ടാനില്ല


തിരുവനന്തപുരം :- അന്തരീക്ഷത്തിലെ ചൂടിനൊപ്പം എയർകണ്ടീഷണർ (എ.സി.) വില്പനയും കുതിക്കുന്നു. പ്രമുഖ നഗരങ്ങളിലെല്ലാംതന്നെ എ.സി. വിറ്റു തീർന്നു. ഉപഭോക്താക്കൾ ചോദിക്കുന്ന പല പ്രമുഖ ബ്രാൻഡുകളും കിട്ടാനില്ല. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് എ.സി. വിറ്റുതീർന്നത്. കേരളത്തിൽ ഒറ്റ ദിവസം 10,000 എ.സികൾ വരെയാണ് ഇപ്പോൾ വിറ്റുപോകുന്നത്. 2024 മാർച്ചിൽ കേരളത്തിൽ മൊത്തം ഒന്നര ലക്ഷം എ.സി.കളാണ് വിറ്റത്. സംസ്ഥാനത്ത് ഒരുമാസം നടക്കുന്ന ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഇത്. ഒട്ടേറെ ഓഫറുകൾ, ലളിതമായ വായ്പാ സൗകര്യങ്ങൾ എന്നിവ അവതരിപ്പിച്ചതും വില്പന ഉയർത്തി.

ഏപ്രിൽ മുതൽ മേയ്‌വരെയാണ് സാധാരണ എ.സി. വിൽപ്പന സീസൺ. ഇത്തവണ 2 ജനുവരി മുതൽത്തന്നെ വില്പന ഉയർന്നതായി ഡീലർമാർ പറയുന്നു. ചൂട് കൂടിയതോടെ വീട്ടിലെ എല്ലാ മുറികളിലും എ.സി. വെക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് വിൽക്കുന്ന 80 ശതമാനം എ.സി.കളും ഒരു ടൺ മൂന്ന് സ്റ്റാറിന്റേതാണ്. 100-120 ചതുരശ്രയടി വരുന്ന മുറികളിലാണ് ഇവയുടെ ആവശ്യം. ശരാശരി 24,000 രൂപ മുതലാണ് വില. അധിക സംവിധാനങ്ങൾ കൂടുന്നതിനനുസരിച്ച് വിലയും കൂടും.

1.5 ടൺ എ.സി.കൾക്കും ആവശ്യക്കാരുണ്ട്. ഇവ പ്രധാനമായും ചതുരശ്രയടി കൂടിയ മുറികളിലും ഹാളിലും സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന മുറികളിലുമാണ് ഉപയോഗിക്കുന്നത്. നിലവിൽ എല്ലാ എ.സി. കമ്പനികളും മാർച്ചിൽ തന്നെ പ്രതീക്ഷിച്ചതിനെക്കാൾ കൂ ടുതൽ വിൽപ്പന കൈവരിച്ചു. വില്പന 100- 130 ശതമാനത്തോളം അധികമാണ്. അടുത്ത ആഴ്ചകളിൽ പുതിയ സ്റ്റോക്ക് ലഭ്യമാക്കുമെന്നാണ് കമ്പനികൾ ഡീലർമാരെ അറിയിച്ചത്. പ്രധാന കമ്പനികളുടെ കൂളറും കിട്ടാനില്ല.

Previous Post Next Post