തുമ്പികളുടെ എണ്ണത്തിൽ സൈലന്റ് വാലി രണ്ടാംസ്ഥാനത്ത്


പാലക്കാട്‌ :- സൈലന്റ് വാലി തുമ്പികളുടെ ജൈവവൈവിധ്യത്തിൽ രണ്ടാംസ്ഥാനത്താണെന്ന് പഠനം. സൈലൻ്റ് വാലിയിൽ ആകെ 111 ഇനം തുമ്പികളെയാണ് ശാസ്ത്രലോകം കണ്ടെത്തിയത്. കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിതമേഖല ശെന്തുരുണി മേഖലയാണ്. 116 ഇനം ആണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. 41 ഇനം സൂചിത്തുമ്പികളും 70 കല്ലൻ തുമ്പികളും ഉൾപ്പെടെ ഒട്ടേറെ അപൂർവതകൾ ഇവിടെയുണ്ട്.

ഇതുവരെയായി കേരളത്തിൽ 188 തുമ്പികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ പകുതിയിലേറെ  സൈലന്റ് വാലിയിൽ കാണാം. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 29 ഇനം തുമ്പികളും ഉൾപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തുമ്പികളിലെ 53.37 ശതമാനവും കേരളത്തിലെ തുമ്പികളുടെ വൈവിധ്യത്തിന്റെ 61.34 ശതമാനവും ഇവിടെയുണ്ട് എന്നാണ് പഠനഫലം. ഇതിൽ കേരളത്തിലെ വംശനാശഭീഷണി നേരിടുന്ന കൂട്ടത്തിൽപ്പെട്ട 42.64 ശതമാനവും പശ്ചിമഘട്ടത്തിലെ 35.80 ശതമാനവും സൈലൻ്റ് വാലിയിൽ കാണപ്പെടുന്നു. അപൂർവ തുമ്പികളായ സൈരന്ധ്രി കടുവ, ഷോലക്കടുവ, നീലിഗിരി നഖവാലൻ, ത്രിവർണതുമ്പി എന്നിവ ഈ പ്രദേശത്തിൻ്റെ പാരിസ്ഥിതിക പ്രാധാന്യം വർധിപ്പിക്കുന്നുവെന്ന് ഗവേഷകസംഘം വിലയിരുത്തുന്നു.

ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ തുമ്പി ഗവേഷണവിഭാഗത്തിലെ ഗവേഷകരായ ഡോ. കലേഷ് സദാശിവൻ, വിനയൻ പി.നായർ, കോട്ടയം ടി.ഐ.ഇ.എസിലെ ഗവേഷകനായ ഡോ. എബ്രഹാം സാമുവൽ, മമ്പാട് കോളേജ് സുവോളജിവിഭാഗം അധ്യാപകനായ ഡോ. ദിവിൻ മുരുകേഷ് എന്നിവരാണ് വർഷങ്ങളായുള്ള പഠനത്തിനു പിന്നിൽ. അന്താരാഷ്ട്ര ജേണലായ എന്റമോണിൻ്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Previous Post Next Post