കണ്ണൂർ :- വേനലവധിക്കാലത്തെ ജലയാത്രകൾ സുരക്ഷിതമാക്കാൻ ബോട്ട് ടെർമിനലുകളിൽ കർശന പരിശോധന. കേരള ഇൻലാൻഡ് വെസൽ റൂൾ പ്രകാരം കേരള മാരിടൈം ബോർഡ് രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. കോസ്റ്റൽ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലായി റജിസ്ട്രേഷനുള്ള നൂറ്റിപ്പത്തോളം ജലയാനങ്ങളാണുള്ളത്. ഇവയ്ക്കു പുറമേ അവധിക്കാലത്ത് അനധികൃതമായി ബോട്ടുകൾ സർവീസ് നടത്താനുള്ള സാധ്യതകൂടി മുന്നിൽക്കണ്ടാണ് പരിശോധന.
റജിസ്ട്രേഷൻ, ലൈസൻസ്, ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവയും ആവശ്യമായ എണ്ണം ലൈഫ് ജാക്കറ്റുകളും ബോട്ടുകളിൽ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണത്തിനുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ബോട്ടുകളിൽ അനുവദനീയമായ ആളുകളിൽ കൂടുതൽ യാത്ര ചെയ്യുന്നതും കുറ്റകരമാണ്. ബോട്ടുകളുടെ വലിപ്പത്തിന് അനുസരിച്ച് നിയമപ്രകാരം ആവശ്യമായ ജീവനക്കാരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സ്രാങ്ക്, ലാസ്കർ, എൻജിൻ ഡ്രൈവർ എന്നീ ജോലികൾ ചെയ്യുന്നവർ പരിശീലനം ലഭിച്ചവർ ആയിരിക്കണമെന്നും കേരള മാരിടൈം ബോർഡിന്റെ നിബന്ധനയുണ്ട്.
കഴിഞ്ഞ ദിവസം തേജസ്വിനി പുഴയിലെ കോട്ടപ്പുറം ബോട്ട് ടെർമിനലിൽ നടത്തിയ പരിശോധനയിൽ നിബന്ധനകൾ ലംഘിച്ചു സർവീസ് നടത്തിയ മൂന്ന് ബോട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയ പത്തോളം ബോട്ടുകൾക്കായി 1.45 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. പരിശോധനയ്ക്ക് അഴീക്കൽ പോർട്ട് ഓഫിസർ ടി.ദീപൻ കുമാർ, സർവേയർ ജോഫിൻ ലൂക്കോസ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ് എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടരുമെന്നും ഉല്ലാസയാത്രകൾക്ക് ബോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നിയമപ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നവയാണ് എന്ന് ഉറപ്പാക്കണമെന്നും സ്ക്വാഡ് അറിയിച്ചു.