ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. മലയാളികളെ സംബന്ധിച്ച് വിഷു പുതുവര്‍ഷാരംഭമായും കണക്കാക്കപ്പെട്ടിരുന്നു.
വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നുണ്ട്. സൗരമാസത്തിലെ ആദ്യരാശിയാണ് മേടം. കൂടാതെ സംസ്‌കൃതമാസം തുടങ്ങുന്നത് വൈശാഖത്തിലാണ്. അതുകൊണ്ടായിരിക്കാം മുന്‍ കാലങ്ങളില്‍ വിഷു പുതുവര്‍ഷദിനമായി വിഷു ആഘോഷിച്ചിരുന്നത് .
സമൃദ്ധിയിലേയ്‌ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്‌ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. ദീപവും കൊന്നപ്പൂക്കളും കൃഷ്‌ണരൂപവും കാര്‍ഷിക വിഭവങ്ങളും ഒരുക്കിവച്ച് അതിരാവിലെ കണ്ണിന് കാഴ്‌ചയാകുന്ന വിഷുക്കണി എന്നത് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്‌ക്ക് ഇല്ലായ്‌മയില്‍ നിന്നും സമൃദ്ധിയിലേയ്‌ക്ക് നമ്മള്‍ ചുവടുവയ്‌ക്കുന്നുവെന്ന സന്ദേശമാണ്.
പ്രകൃതിയുമായി വളരെയേറെ അടുത്തു നില്‍ക്കുന്ന ഒരാഘോഷം കൂടിയാണിത്. വിഷുദിനത്തിലാണ് പുതിയ കൃഷിയിറിക്കുന്നത്. അന്ന് ഒരു വിത്തെങ്കിലും ഇടണമെന്നാണ് വിശ്വാസം.
നാട്ടിലായാലും മറുനാട്ടിലായാലും മറ്റെല്ലാ ആഘോഷങ്ങളും പോലെ വിഷുവും ഓരോ മലയാളിയുടെയും ഗൃഹാതുരതയുടെ ഭാഗമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികള്‍ മനസ്സുകൊണ്ടെങ്കിലും വിഷുദിനം ആഘോഷിക്കുന്നു.