മയ്യിൽ :- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ നിഷേധിച്ച സംഭവത്തിൽ സ്ത്രീ തൊഴിലാളിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂലി നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവ്. മയ്യിൽ പഞ്ചായത്തിലെ എട്ടാം വാർഡിലെ കാവിൻമൂലയിലെ ആര്യ നിവാസിൽ കാപ്പാടൻ പ്രസന്നകുമാരിക്കാണ് 20 ദിവസത്തെ കൂലിയായ 6,660 രൂപ നൽകാൻ കണ്ണൂർ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.
2024 ജനുവരി 11-ന് നടന്ന തൊഴിലുറപ്പ് പ്രവൃത്തിയുടെ മസ്റ്ററോളിൽ പ്രസന്നകുമാരിയുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും തുടർന്ന് ജോലി നിഷേധിച്ചുവെന്നുമായിരുന്നു പരാതി. ഇതുവഴി നഷ്ടപ്പെട്ട 20 ദിവസത്തെ തൊഴിൽ ദിനങ്ങൾ ഇനി നൽകാനാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കൂലിയും ഉത്സവബത്തയും നഷ്ടപ്പെടാനിടയാക്കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങിയവരിൽ നിന്ന് പണം ഈടാക്കാൻ ഇരിക്കൂർ ബി.പി.ഒ മുഖാന്തരം മയ്യിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്.