കണ്ണൂർ :- ആരോഗ്യ പ്രശ്നങ്ങൾ കാരണം, രോഗികളെ പരിശോധിക്കുന്നതു നിർത്തുകയാണെന്നു കണ്ണൂരിന്റെ പ്രശസ്തനായ ജനകീയ ഡോക്ടർ രൈരു ഗോപാൽ. താണ മാണിക്കക്കാവിനു സമീപത്തെ വീടിനു മുന്നിലാണു കഴിഞ്ഞദിവസം ബോർഡ് പ്രത്യക്ഷപ്പെട്ടത്. അൻപതോളം വർഷം നീണ്ട ജനകീയ ആതുര സേവനത്തിനാണ് ഇതോടെ താൽക്കാലിക വിരാമമാകുന്നത്. 'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതു കൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്നു കൊടുക്കുന്നതും നിർത്തുകയാണ്. - ഡോക്ടർ രൈരു ഗോപാൽ.' എന്നെഴുതിയ ചെറിയ ബോർഡാണ് വീടിനു മുന്നിലെ ഗെയ്റ്റിൽ തൂക്കിയിട്ടിരിക്കുന്നത്. ബോർഡിനെ പറ്റി അറിയാൻ നേരിട്ടും ഫോണിലൂടെയും ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
തളാപ്പിലായിരുന്നു നേരത്തെ ഡോ.രൈരു ഗോപാൽ താമസിച്ചിരുന്നതും രോഗികളെ പരിശോധിച്ചിരുന്നതും. ഏറെക്കാലം 2 രൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. 'രണ്ടു രൂപ ഡോക്ടർ' എന്ന വിളിപ്പേരിൽ പ്രശസ്തനായിരുന്നു അദ്ദേഹം. അടുത്തിടെയാണ് ഫീസ് 10 രൂപയാക്കിയത്. നിർധന രോഗികളിൽ നിന്ന് ഈ തുച്ഛമായ ഫീസ് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല. മാത്രമല്ല, ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തിരുന്നു. 3 ദിവസത്തിനു ശേഷവും രോഗം മാറിയില്ലെങ്കിൽ, വീണ്ടുമെത്തുന്ന രോഗികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്നു മാത്രമല്ല, മരുന്നുകൾ സൗജ ന്യമായി നൽകുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിൽ നിന്നു മാത്രമല്ല, അയൽ ജില്ലകളിൽ നിന്നു പോലും ഡോക്ടറെ കാണാൻ ആളുകളെത്തിയിരുന്നു. പുലർച്ചെ 4നു പരിശോധന തുടങ്ങിയിരുന്നു. 'പണമുണ്ടാക്കാൻ വേണ്ടി ഡോക്ടർ ആകരുതെന്ന' പിതാവ് ഡോ.എ.ജി നമ്പ്യാരുടെ വാക്കുകളാണു തന്റെ പ്രചോദനമെന്നു ഡോ. രൈരു ഗോപാൽ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ 79 വയസ്സുണ്ട്, ഡോ. രൈരു ഗോപാലിന്. സഹോദരങ്ങളായ രാജ ഗോപാൽ, വേണുഗോപാൽ എന്നിവരും ഡോക്ടർമാരാണ്.