തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ എട്ടാമത്‌ എൻ.ഉണ്ണികൃഷ്‌ണൻ സ്മാരക പുരസ്‌കാരം സി.വി നാരായണന്‌


മയ്യിൽ :-  തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ എട്ടാമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ബക്കളം സ്വദേശി സി.വി നാരായണന് . അന്ധർ ഉൾപ്പെടെ ശാരീരിക പരിമിതി നേരിടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന  പതിനായിരം രൂപയും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.  മെയ് 18ന്‌ വൈകിട്ട്‌ ആറിന്‌ തായംപൊയിലിൽ ചേരുന്ന ചടങ്ങിൽ നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ പുരസ്‌കാരം സമ്മാനിക്കും. അന്തരിച്ച സാമൂഹ്യപ്രവർത്തകൻ എൻ.ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായി ജനകീയ പങ്കാളിത്തത്തോടെ ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരം നിർണയിച്ചത്‌ കൊടുവള്ളി ബാലൻ അധ്യക്ഷനായ സമിതിയാണ്‌. 

ശാരീരിക പരിമിതിയെ ഇച്‌ഛാശക്തിയാൽ മറികടന്ന്‌ നേടിയ ജീവിതവിജയത്തെയാണ് സഫ്‌ദർ ഹാശ്‌മി ഗ്രന്ഥാലയം ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്‌. മുന്നിൽ ഇരുളിന്റെ വാതിൽ വന്നടഞ്ഞപ്പോൾ പിന്തിരിഞ്ഞ്‌ നടക്കാതെ വിപദിധൈര്യത്തെ ഞങ്ങൾ മറ്റെല്ലാത്തിനും മീതെ പ്രതിഷ്‌ഠിക്കുന്നു. ധർമശാലയിലെ യൂണിവേഴ്‌സൽ ബ്രെയിലി ടോക്കിങ് ബുക്ക്‌ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ദി ബ്ലൈൻഡ്‌ എന്ന സ്ഥാപനത്തിലൂടെ അന്ധരായവർക്കായി നടപ്പാക്കിയ സേവനങ്ങളെക്കൂടിയാണ്‌ ഈ പുരസ്കാരം അടയാളപ്പെടുത്തുക.

കെൽട്രോണിലായിരിക്കെ മികച്ച ജീവനക്കാരനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് . ഹൈസ്കൂൾ അധ്യാപകനായിരിക്കെ നൂതന പഠനരീതികൾ ആവിഷ്കരിച്ചതിന് അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്കാരം നേടി. ധർമ്മശാലയിലെ യൂണിവേഴ്‌സൽ ബ്രെയ്‌ലി ടോക്കിങ് ബുക്ക്‌ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ ഫോർ ദി ബൈൻഡ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഈ മാതൃകാ അന്ധവിദ്യാലയത്തിൽ യു.പി ക്ലാസ് വരെ കാഴ്ചപരിമിതർക്ക് താമസിച്ച് പഠിക്കാം. -താമസവും ഭക്ഷണവും പഠനവും സൗജന്യമാണ്. സർക്കാർ സഹായമൊന്നുമില്ലാതെ സ്‌പോൺസർഷിപ്പിലാണ്‌ 19 ജീവനക്കാരുള്ള വിദ്യാലയത്തിന്റെ പ്രവർത്തനം. ഉന്നതപഠനം നേടുന്ന വിദ്യാർഥികൾക്ക് ഓഡിയോബുക്കുകൾ, സൗജന്യ കമ്പ്യൂട്ടർ പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിവയും സ്ഥാപനം ഒരുക്കുന്നു. പ്രശസ്ത സംവിധായകൻ ജയരാജിന്റെ 'നിറയെ തത്തകൾ ഉള്ള മരം' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഗോവ, കാൻ ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രം ശ്രദ്ധനേടി. 

സൈക്യാട്രിക് കൗൺസലിംഗിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ : ചന്ദ്രമതി. മക്കൾ : സുജയ, സരിഗ. മരുമക്കൾ : സജിത്ത്‌ കുമാർ, സനൂപ്‌.

‘അൺ വാണ്ടഡ്‌’ ആയി പലയിടത്തും പരിഗണിക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ പ്രതിനിധിയാണ്‌ ഞാനെന്ന്‌ നാരായണൻ സ്വന്തം ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നു. മൂന്നാംവയസിൽ പിടികൂടിയ അഞ്ചാംപനിയാണ്‌ നാരായണന്റെ കണ്ണുകളിൽ ഇരുട്ട്‌ നിറച്ചത്‌. അഞ്ചാം വയസിൽ തപ്പിത്തടഞ്ഞ്‌ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നാരായണനെ രക്ഷിക്കാൻ മുൻപിൻ നോക്കാതെ എടുത്തുചാടിയ അമ്മ സി.വി മാധവി അമ്മയാണ്‌ പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ചതെന്ന്‌ നാരായണേട്ടൻ ഓർക്കുന്നു. ‘അൺ വാണ്ടഡ്‌’ ആയ പിറവിയെന്ന ചിന്തയെ മായ്‌ച്ചുകളഞ്ഞത്‌ ആ സംഭവമായിരുന്നു. തൻ്റെ പ്രാണൻ കാക്കാൻ മരിക്കാൻ പോലും തയ്യാറായി ആരൊക്കെയൊ ഉണ്ടെന്ന ചിന്ത മുളപ്പിച്ചത്‌ ആ സംഭവമായിരുന്നു. 67 വയസ് പിന്നിടുന്ന സി വി നാരായണൻ മയ്യിൽ ചെറുപഴശിയിൽ വള്ളിയോട്ട് ആണ് ജനിച്ചു വളർന്നത്. ബക്കളത്ത്‌ വർഷങ്ങളായി താമസം. അച്ഛൻ പി ഇ കുഞ്ഞിരാമൻനമ്പ്യാർ. മകന്റെ ജീവിതത്തിന്റെ വെളിച്ചം എന്നന്നേക്കുമായി അവസാനിച്ചു എന്ന് രക്ഷിതാക്കളും ബന്ധുക്കളും സഹോദരങ്ങളും വ്യാകുലപ്പെട്ട ബാല്യം. എന്നാൽ ഇരുട്ടിന്റെ വെളിച്ചത്തിൽ പുതിയ ജീവിത്തിലേക്ക്‌ സുധീരം നടക്കുകയായിരുന്നു നാരായണൻ. രിമിതികളില്ലാത്ത ജീവിതം അനുഭവിക്കുന്നവരെ നിഷ്‌പ്രഭമാക്കുന്നുണ്ട്‌ നാരായണന്റെ കരിയർ ഗ്രാഫ്.

കാസർഗോഡ് അന്ധവിദ്യാലയത്തിലായി ബ്രെയിൽ സമ്പ്രദായത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന്‌ പ്രീഡിഗ്രി പൂർത്തിയാക്കി. വിദൂര വിദ്യാഭ്യാസത്തിലൂടെ ചരിത്രത്തിൽ ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. 20 വർഷം കണ്ണൂർ കെൽട്രോണിൽ ടെക്നീഷ്യൻ. ഇതിനിടെ ബിഎഡ്‌ ബിരുദവും കൊൽക്കത്തയിൽ നിന്ന്‌ അന്ധവിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ വിദഗ്ധ പരിശീലനവും നേടി. കാഴ്‌ചയില്ലാത്ത ജീവിതത്തോട്‌ സങ്കടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ്‌ ഏറ്റവും സന്തോഷത്തോടെ നാരായണേട്ടൻ ഞങ്ങളോട്‌ ഉത്തരം പറഞ്ഞത്‌. ‘‘നിങ്ങൾ കാണുന്ന എല്ലാത്തിനേയും ഞാൻ കാണുന്നുണ്ട്‌. അത്‌ മറ്റൊരു രിതിയിലാണെന്ന്‌ മാത്രം. കുഞ്ഞുപിറന്നപ്പോൾ സ്വന്തം കുഞ്ഞിനെ കാണാനാവാതെ ഞാൻ സങ്കടപ്പെടുമെന്നാണ് ചുറ്റിലുമുള്ളവർ കരുതിയത്. എല്ലാത്തിനേയും മറ്റുള്ളവർ കാണുന്നതിൽ നിന്ന്‌ വ്യത്യസ്‌തമായാണ്‌ കാഴ്‌ച പരിമിതിയുള്ളവർ കാണുന്നത്‌. അത്‌ കാണാനുള്ള കണ്ണ്‌ ചുറ്റിലുമുള്ളവർക്കും പൊതുസമൂഹത്തിനും ഭരണസംവിധാനങ്ങൾക്കും ഉണ്ടോ എന്നതാണ്‌ എന്റെ ചോദ്യം’’–- നാരായണട്ടേൻ പറയുന്നു.

Previous Post Next Post