ചൂട് കൂടി, ഒപ്പം വൈദ്യുതി ഉപയോഗവും ; കറണ്ട് ബില്ലിൽ ഞെട്ടി ജനങ്ങൾ




കണ്ണൂർ :- വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടി. ഇത്തവണത്തെ കറണ്ട് ബില്ല് കണ്ട് ഞെട്ടാത്ത മലയാളികൾ കുറവാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവരുമ്പോഴാണ് ബില്ലിലെ വൻ വര്‍ധനവറിഞ്ഞ് വീട്ടുകാര്‍ ഞെട്ടുന്നത്. സ്ലാബ് മാറുന്നതോടെ ഇടത്തരം കുടുംബങ്ങളിലെയടക്കം ബില്ലിൽ വൻ വർധനയാണുണ്ടാകുന്നത്. കൊടും ചൂടിൽ വിയര്‍ക്കുന്ന മലയാളികളിപ്പോള്‍ കറണ്ട് ബില്ല് കണ്ടാല്‍ തളര്‍ന്നു വീഴുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ തവണ വന്നതിന്‍റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്.

വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എസി വെക്കണമെന്നാണ് സാധാരണ കുടുംബങ്ങളിൽ പോലും പറയുന്നത്. ചൂട് കാരണം രാത്രി പോലും ഉറങ്ങാൻ പറ്റാതായതോടെയാണ് എസിയിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം നിർത്താതെ ഫാനുകൾ കൂടിയാകുമ്പോള്‍ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്. രണ്ട് എസി ഉണ്ടെങ്കിൽ 8000 മുതലാണ് ബില്ല്. വെള്ളത്തിന് വേറെയും ബില്ല്. കറണ്ട് ബില്ല് ഇരട്ടിയായതോടെ കുടുംബ ബജറ്റും താളം തെറ്റിയ അവസ്ഥയിലാണെന്നാണ് ആൾക്കാർ പറയുന്നത്. വേനൽ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നത്. നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോൾ പുലർച്ചെ രണ്ട് രണ്ടര വരെയുമായി. 

Previous Post Next Post