പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ "റൂബി" എന്ന പെരുമ്പാമ്പിന് 10 കുഞ്ഞുങ്ങൾ കൂടി


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് സ്നേക് പാർക്കിലെ റൂബി എന്ന പെരുമ്പാമ്പിന് 10 കൺമണികൾ വിരിഞ്ഞിറങ്ങി. ജൂൺ 6 നാണ് റൂബിയുടെ 10 കുഞ്ഞുങ്ങൾ വിരിഞ്ഞത്. ഏപ്രിൽ 8 നാണ് റൂബി മുട്ടകൾ ഇട്ടത്. 58 ദിവസം കൊണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു വെന്ന് സ്നേക്ക് പാർക്ക് അധികൃതർ പറഞ്ഞു. ശീതകാലമാണ് ഇവയുടെ പ്രജനന കാലഘട്ടം. അടയിരിക്കുന്ന പെൺപാമ്പുകൾ അവയുടെ മുട്ടകളെ കോൺ രീതിയിൽ ആവരണം ചെയ്യുന്നു.

മുട്ടകൾ വിരിയുന്നത് വരെ തങ്ങളുടെ ശരീരം വിറപ്പിച്ചു കൊണ്ട് ചൂട് നിലനിർത്താൻ ഇവയ്ക്ക് കഴിയും. എന്നാൽ ഇവിടെ മുട്ടകൾ പ്രത്യേകമായി വിരിയിക്കുകയായിരുന്നു. ഒരു തവണ 8 മുതൽ 100 മുട്ടകൾ വരെ ഇടാറുണ്ട്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്ന് പ്രകാരം ഇന്ത്യൻ റോക്ക് പൈത്തൺ പോലുള്ള പാമ്പിനങ്ങൾ സംരക്ഷിക്കപ്പെടുന്നു. പൈത്തൺ മോളൂരസ് ( Python molurus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വിഷമില്ലാത്തവയായ പെരുമ്പാമ്പുകൾക്ക് 6 മീറ്റർ വരെ നീളവും 90 കിലോ വരെ ഭാരവുമുണ്ടാകാറുണ്ട്. ഇപ്പോൾ വിരിഞ്ഞ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്ക് ശേഷം സന്ദർശകർക്ക് കാണാനാകുമെന്ന് ഡയറക്ടർ ഇ.കുഞ്ഞിരാമൻ അറിയിച്ചു.

Previous Post Next Post