തിരുവനന്തപുരം :- സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ളാസുകളുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, ഒന്ന് മുതൽ നാലു വരെയുള്ള എയിഡഡ് എൽ പി സ്കൂൾ എന്നിവയിലെ വിദ്യാർത്തികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.
എസ് എസ് കെ മുഖേന - കൈത്തറി യൂണിഫോം നൽകാത്ത ഒന്നു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്റ് ഹൈസ്കൂളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ള പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, അഞ്ചു മുതൽ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളിലെ അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ ഉള്ള പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, എട്ടു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും യൂണിഫോം അലവൻസ് ലഭിക്കും.
ഡി ജി ഇ മുഖേന കൈത്തറി യൂണിഫോം നൽകാത്ത സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള എയ്ഡഡ് എൽ പി യിലെ എല്ലാ കുട്ടികൾക്കും, അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള എയിഡഡ് യുപിയിലെ എല്ലാ കുട്ടികൾക്കും, ഒന്നു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ ഒന്നു മുതൽ 8 വരെയുള്ള എല്ലാ കുട്ടികൾക്കും, അഞ്ചു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ അഞ്ചു മുതൽ 8 വരെയുള്ള എല്ലാ കുട്ടികൾക്കും, എട്ടു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ എല്ലാ കുട്ടികൾക്കും യൂണിഫോം അലവൻസ് ലഭിക്കും.
കൈത്തറി യൂണിഫോം ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വിഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഫണ്ട് ചെലവഴിക്കേണ്ട സർക്കാർ സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിനാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തുക (കുട്ടി ഒന്നിന് 600 രൂപ ക്രമത്തിൽ) എസ് എസ് കെ തിരികെ നൽകി വരുന്നുണ്ട്. 2017 - 18 അധ്യയന വർഷം മുതലാണ് കൈത്തറി യൂണിഫോം പദ്ധതി നിലവിൽ വരുന്നത്.