കൊച്ചി :- വേനൽമഴയ്ക്കു ശേഷമെത്തിയ കാലവർഷം ശക്തിപ്പെടാതിരുന്നതിൻ്റെ ആശ്വാസത്തിലാണ് പൈനാപ്പിൾ കർഷകർ. കടുത്ത വേനൽച്ചൂടിലും കാലംതെറ്റി പെയ്ത വേനൽമഴയിലും തകർച്ച നേരിട്ട പൈനാപ്പിളിന്റെ വിലയിൽ ഇതോടെ നേരിയ വർധന. മൂന്ന് ദിവസത്തിനിടെ പൈനാപ്പിൾ പഴം കിലോയ്ക്ക് എട്ടു രൂപയാണ് കൂടിയത്. ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ വില പ്രകാരം ജൂൺ രണ്ടിന് 28 രൂപയായിരുന്ന പൈനാപ്പിൾ പഴത്തിന്റെ വില ബുധനാഴ്ച രണ്ട് രൂപ കൂടി 30 രൂപയും തുടർന്ന് ആറ് രൂപ കൂടി വർധിച്ച് 36 രൂപയിലുമെത്തി.
മഴക്കാലം ശക്തി പ്രാപിക്കാത്തതാണ് വിലയിൽ നേരിയ വർധനയ്ക്ക് കാരണം. മേയ് മാസം വേനൽമഴ ശക്തിപ്രാപിച്ചപ്പോൾ 39 രൂപയുടെ ഇടിവ് നേരിട്ട ശേഷമാണ് ഇപ്പോഴുള്ള തിരിച്ചുകയറ്റം. പൈനാപ്പിൾ പഴത്തിന് കേരളത്തിൽ വില ഇടിയുകയും പച്ചയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രിയമേറുകയും ചെയ്തിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നീണ്ടുനിൽക്കുന്ന കൊടും താപമാണ് ആവശ്യമേറാൻ കാരണം. പൈനാപ്പിൾ പച്ചയ്ക്ക് 46 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 48 രൂപയുമാണ് വ്യാഴാഴ്ചയിലെ നിരക്ക്.