റിയാദ് :- ഹജ്ജ് സീസണിന് ശേഷം പുതിയ ഉംറ സീസണ് തുടക്കം. ആദ്യത്തെ വിസ ഇഷ്യൂ ചെയ്തെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണിതെന്ന് ലോകമെമ്പാടുമുള്ള ഉംറ തീർഥാടകരെയും മദീന സന്ദർശകരെയും സ്വാഗതം ചെയ്തുകൊണ്ട് ഹജ്ജ് മന്ത്രി ‘എക്സി’ൽ ട്വീറ്റ് ചെയ്തു. പതിവുപോലെ ഹജ്ജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഉംറ തീർഥാടകരെ സ്വീകരിക്കുന്നത്.
തീർഥാടകരെ സേവിക്കുന്നതിനും അവരുടെ അനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും എല്ലാവിധ മാനുഷിക സാങ്കേതിക സംവിധാനങ്ങളുടെയും ഫീൽഡ് പ്രോഗ്രാമുകളുടെും ഒരുക്കം പൂർത്തിയായിട്ടുണ്ട്. സൽമാൻ രാജാവിൻറെയും കിരീടാവകാശിയുടെയും നിർദേശം ഉൾക്കൊണ്ട് കൂടുതൽ തീർഥാടകരെ സ്വീകരിക്കുന്നതിനും അവരുടെ വരവ് സുഗമമാക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനും തീർഥാടകരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും പുതിയ പദ്ധതികളാണ് ഒരോ വർഷവും ഹജ്ജ് മന്ത്രാലയം നടപ്പാക്കിവരുന്നത്. ഉംറ തീർഥാടകർക്ക് മികച്ച അനുഭവം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണിത്.