കണ്ണൂർ :- തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ക്വാട്ടയിൽ താത്കാലികമായി ഒഴിവുള്ള ഒരു സീറ്റിൽ, കടമ്പേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ നിലവിലുള്ള കേസിൽ അന്തിമ ഉത്തരവുണ്ടാകുന്നതുവരെ മറ്റാർക്കും പ്രവേശനം നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഹയർസെക്കന്ററി വിഭാഗം ഡയറക്ടർ, ഐ. ടി. സി. സെൽ കോ-ഓർഡിനേറ്റർ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. കടമ്പേരി സ്വദേശിനി മീരാ നാഗേഷ് മകൾക്ക് വേണ്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ 8 മുതൽ 10വരെ പഠിച്ച വിദ്യാർത്ഥിനിക്ക് എസ്.എസ്.എൽ.സിക്ക് 9 എ.പ്ലസ് ഉണ്ടായിരുന്നു. കൊട്ടിലയിൽ സ്കൂളിൽ കുട്ടിക്ക് പ്രവേശനവും ലഭിച്ചു. നേരത്തെ പഠിച്ച മൂത്തേടത്ത് സ്കൂളിൽ പഠിക്കാനുള്ള ആഗ്രഹം കാരണം അവിടെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ നൽകി. തുടർന്ന് കൊട്ടിലയിൽ നിന്നും ടി.സി. വാങ്ങി മൂത്തേടത്ത് സ്കൂളിൽ ചേർന്നു. എന്നാൽ കൈയബദ്ധം കാരണം മെറിറ്റിൽ പ്രവേശനം നേടിയ മറ്റൊരു കുട്ടിയുടെ പേരിൽ മാനേജ്മെന്റ് എന്ന് പ്രവേശന പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. അതോടെ കടമ്പേരി സ്വദേശിനിയുടെ പേര് മാനേജ്മെന്റ് സീറ്റിൽ അപ്ലോഡ് ചെയ്യാൻ കഴിയാതെ വന്നു. അബദ്ധം സംഭവിച്ച കുട്ടിയുടെ പേരിൽ മെറിറ്റ് പ്രവേശനം എന്ന് തിരുത്താൻ സാധിച്ചാൽ ഈ പ്രവേശനത്തിന് സർക്കാർ അംഗീകാരം ലഭിക്കും. ഇത് ഹയർ സെക്കന്ററി വകുപ്പാണ് ചെയ്യേണ്ടത്. സാങ്കേതിക പ്രശ്നം കാരണം പരാതിക്കാരിയുടെ മകളുടെ പ്രവേശനം തുലാസിലായിരിക്കുകയാണ്. നാല് എതിർകക്ഷികളും ഒരാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണം. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.