കണ്ണൂർ :- ബാലം , ചോനാട് അണ്ടർപ്പാസുകളിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംയുക്ത പരിശോധന നടത്തുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവരെ കണ്ണൂർ ജില്ലാ റോഡ് സുരക്ഷ സമിതി(ഡി ആർ എസ് എ) യോഗം ചുമതലപ്പെടുത്തി. തിങ്കളാഴ്ച സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് ഡി ആർ എസ് എ ക്ക് സമർപ്പിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കും. സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡുകളിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ വിവിധ നിർദേശങ്ങൾ നല്കി.
മയ്യിൽ ടൗണിൽ സ്പീഡ് ബ്രേക്കറുകളിൽ പെയിൻ്റ് ചെയ്യുന്നതിന് എത്രയും വേഗം നടപടിയെടുക്കാമെന്നു പൊതുമരാമത്ത് വകുപ്പ് യോഗത്തിൽ ഉറപ്പു നൽകി. മട്ടന്നൂർ കൊളാപ്പ റോഡിൽ യൂണിവേഴ്സൽ കോളേജിന് സമീപം റോഡിൻ്റെ സൈഡ് ഇടിഞ്ഞത് ഉടൻ പരിശോധിച്ച് നടപടിയെടുക്കാമെന്നും വകുപ്പ് യോഗത്തെ അറിയിച്ചു. മാഹി - തലശ്ശേരി ബൈപ്പാസിൽ ലൈൻ ട്രാഫിക് പാലിക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് എൻ എച്ച് എ ഐ അറിയിച്ചു.