കൊയ്യം :- കൊയ്യം റോഡിനോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊയ്യം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കുഴിയടച്ച് പ്രതിഷേധം' നാളെ ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കൊയ്യം റോഡിലുണ്ടായ കുഴിയിൽ ചെളിവെള്ളം നിറഞ്ഞ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. ചെറിയ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടാണ്.
നിർമാണം തുടങ്ങിയിട്ട് രണ്ടുവർഷമായിട്ടും വളക്കൈ-കൊയ്യം റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമായില്ല. റോഡിൻ്റെ ആദ്യഘട്ട ടാറിങ് മാത്രമാണ് നടന്നത്. ഇതും എല്ലാ ഭാഗത്തും പൂർത്തിയായിട്ടില്ല. ആദ്യഘട്ട ടാറിങ് നടത്താത്ത ഭാഗങ്ങളെല്ലാം ചെളിക്കുളമാണ്. മഴ കനത്തതോടെ ഇതുവഴി കാൽ നടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. റോഡിലൂടെ നടക്കാൻപോലും സാധിക്കുന്നില്ല. ടാറിങ് നടത്താത്ത ഭാഗങ്ങളിൽ അപകടങ്ങളും പതിവാണ്. നിരവധിതവണ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.