കാലവർഷം ; ജൂണിലെ മഴക്കുറവ് 25 ശതമാനം


കണ്ണൂർ :- ജൂണിലെ മഴക്കുറവ് 25 ശതമാനമെന്നു കണക്കുകൾ. ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്തു സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 489.2 മില്ലിമീറ്റർ മഴ മാത്രം. കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ മഴ ലഭിച്ചില്ല. എങ്കിലും, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 60 ശതമാനമായിരുന്നു മഴക്കുറവ്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ (757.5 മില്ലിമീറ്റർ) ജില്ലയിലാണെങ്കിലും 14 ശതമാനം മഴക്കുറവുണ്ട്. വയനാടാണ് മഴക്കുറവ് രൂക്ഷം. 38 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിലും സ്ഥിതി സമാനമാണ്.

സംസ്‌ഥാനത്തു കാലവർഷം തുടങ്ങാൻ കഴിഞ്ഞവർഷം 8 ദിവസം വൈകിയിരുന്നുവെങ്കിൽ ഇത്തവണ രണ്ടു ദിവസം നേരത്തെ തന്നെ കാലവർഷം എത്തിയിരുന്നു. മേയ് 30നു മഴ തുടങ്ങിയെങ്കിലും ദുർബലമായിരുന്നു. ജൂൺ ആദ്യ പകുതിയിൽ കാലവർഷക്കാറ്റ് പൊതുവേ ദുർബലമായതാണു മഴ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഇക്കാലയളവിൽ കൂടുതൽ ചക്രവാതച്ചുഴികളോ/ ന്യൂനമർദമോ രൂപപ്പെടാത്തതും മഴ കുറച്ചു. ജൂൺ 20നു ശേഷം കേരള തീരത്ത് ന്യൂനമർദപാത്തി രൂപപ്പെടുകയും കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങുകയും ചെയ്ത‌തോടെ കാലവർഷം പതിയെ ശക്തിപ്പെട്ടു. എന്നിട്ടും ലഭിക്കേണ്ട മഴ ലഭിച്ചില്ല.

Previous Post Next Post