കണ്ണൂർ :- ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതി രണ്ടാംഘട്ടത്തിൽ ജില്ലയിൽ 2804 കന്നുകുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ജൂൺ 20 മുതൽ നടന്ന കാമ്പയിനിലാണ് കന്നുകുട്ടികൾക്ക് കുത്തിവെപ്പ് എടുത്തത്. പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നാല് മുതൽ എട്ടുമാസംവരെ പ്രായമായ പശുക്കുട്ടികൾ, എരുമക്കുട്ടികൾ എന്നിവയ്ക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ ക്യാമ്പുകൾ വഴിയാണ് പ്രധാനമായും കുത്തിവെപ്പ് നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ബ്രൂസെല്ലോസിസ് ഒന്നാംഘട്ടം നടപ്പാക്കിയത്. വരുന്ന സെപ്റ്റംബറിൽ മൂന്നാംഘട്ടം നടപ്പാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു. ബ്രൂസെല്ലോസിസിന് എതിരായി ഒരുപ്രാവശ്യം കുത്തിവെപ്പെടുത്താൽ ആജീവനാന്ത പ്രതിരോധമാണ് അവകാശപ്പെടുന്നത്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പടരാൻ സാധ്യതയുള്ള രോഗമാണ് ബ്രൂസെല്ലോസിസ് എന്നതിനാൽ ക്ഷീരകർഷകർ നിർബന്ധമായും കന്നുകുട്ടികൾക്ക് കുത്തിവെപ്പെടുക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു.