കടമ്പേരിയിൽ കനത്ത മഴയിൽ വീട് തകർന്നു ; കുട്ടികൾക്ക് പരിക്ക്


ധർമശാല :- കടമ്പേരി ഓരിച്ചാൽ കനാൽ റോഡിയിലെ റഷീദയുടെ ഓടുമേഞ്ഞ വീട് കനത്ത മഴയിൽ തകർന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റഷീദയുടെ ഭർത്താവ് സത്താർ, മക്കളായ ഷെഫീന, നസൽ, സിയാദ്, ഷെസിൽ എന്നിവരാണ് അപകടം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. ഷെഫീനയും ഭർത്താവും ഒരു മുറിയിലും കുട്ടികൾ എല്ലാവരും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്.

കുട്ടികൾ കിടന്ന മുറിയുടെ മേൽക്കൂര തകർന്ന് ഒരു ഭാഗം കുട്ടികളുടെ ദേഹത്ത് വീണു. സത്താറും ഓടിക്കൂടിയ മറ്റുള്ളവരും ചേർന്ന് കുട്ടികളെ ഉടൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുണ്ട്. വീടിന്റെ മേൽക്കൂരയും അടുക്കളയും നാലു മുറികളും പൂർണമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്.

Previous Post Next Post