കണ്ണൂർ :- യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്നുമാസത്തേക്കുകൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ആദ്യം ജൂലായ് രണ്ടുമുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും. വണ്ടി കാസർഗോഡേക്ക് നീട്ടണമെന്നതും സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണമെന്നും പരിഗണിച്ചിട്ടില്ല. എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡോ. വി.ശിവദാസൻ എന്നിവർ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു.