പാലക്കാട് :- സംസ്ഥാനത്തെ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിൽ കുന്നുകൂടുന്ന ആക്രിസാധനങ്ങൾ കെ.എസ്.ബി.ക്ക് തലവേദനയാകുന്നു. ആക്രി സാധനങ്ങളുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് വൈദ്യുതിബോർഡ് യോഗം നിർദേശം നൽകി. ആറുമാസത്തിനുള്ളിൽ ഇവ ലേലംചെയ്ത് വിൽക്കാനും തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് മേഖലകൾക്കുകീഴിൽ സ്വന്തം കെട്ടിടങ്ങളിലും വാടകക്കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന 777 സെക്ഷൻ ഓഫീസുകളാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. ഈ ഓഫീസുകളിലും പരിസരങ്ങളിലുമാണ് വലിയതോതിൽ ഉപയോഗശൂന്യമായ പോസ്റ്റുകളും കമ്പികളുമടക്കമുള്ളവ കെട്ടിക്കിടക്കുന്നത്.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ബുദ്ധിമുട്ട് പരിഗണിച്ചാണ് ആക്രിവസ്തുക്കൾ നീക്കംചെയ്യുന്നതെന്ന് കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വളപ്പുകളിൽ കുന്നുകൂടിക്കിടക്കുന്ന ആക്രി സാധനങ്ങൾ കൊതുക്, പാമ്പ്, എലി തുടങ്ങിയവ പെരുകുന്നതിന് ഇടയാക്കുന്നതായി പരിസരവാസികളും പരാതികളുമായി രംഗത്തെത്തുന്നുണ്ട്.