ഉദുമ:-പ്രതിപക്ഷ നേതാവ് വി ഡി സതീശൻസഞ്ചരിച്ച ഔദ്യോഗിക വാഹനം കാസർകോട് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ടു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.ശനിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിന് സമീപമാണ് അപകടം നടന്നത്. മംഗളൂരു ഭാഗത്തേക്കുള്ള യാത്രയിൽ ആയിരുന്നു പ്രതിപക്ഷ നേതാവ്.
ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്ത് നിന്നും ഔദ്യോഗിക വാഹനത്തിന് മുൻപിൽ പോയ പൈലറ്റ് വാഹനത്തിന് കുറുകെ മറ്റൊരു വാഹനം എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഈ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഔദ്യോഗിക വാഹനത്തിൻ്റെ മുന്നിൽ പോയിരുന്ന പൈലറ്റ് വാഹനം പെട്ടെന്ന് നിർത്തി. തുടർന്ന് പിന്നിലുണ്ടായിരുന്ന വാഹനം നിയന്ത്രണം വിട്ട് അകമ്പടി വാഹനത്തിന്റെ പിന്നിൽ ഇടിക്കുക ആയിരുന്നു.
പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ പ്രതിപക്ഷ നേതാവ് യാത്ര തുടർന്നു. മംഗളൂരുവിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്നതിന് പോകുകയായിരുന്നു അദ്ദേഹം.