തിരുവനന്തപുരം :- സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകി. സമീപകാലത്ത് മിന്നലിനും മഴയ്ക്കുമൊപ്പം വീശുന്ന കാറ്റാണ് പലയിടങ്ങളിലും അപകടം വിതയ്ക്കുന്നതെന്നാണു വിലയിരുത്തൽ . പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തി മണിക്കൂറിൽ ചിലപ്പോൾ 55 കിലോമീറ്റർ വരെ വേഗം ആർജിക്കുന്നതും ജനജീവിതത്തിനു ഭീഷണിയാണ്.
വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റുജില്ലകളിൽ സാധാരണ മഴയാണു പ്രതീക്ഷിക്കുന്നത്. ഇന്നു കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.