മട്ടന്നൂർ :- സംസ്‌ഥാന ഹജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ പോയിൻ്റ് വഴി ഹജ്ജിനു പോയ തീർഥാടകരുടെ ആദ്യസംഘങ്ങൾ തിരിച്ചെത്തി. 346ഹാജി മാരാണ് സൗദി എയർലൈൻസിന്റെ എസി 5140 നമ്പർ വിമാനത്തിൽ ഇറങ്ങിയത്. രണ്ടാമത്തെ വിമാനം രാത്രി 9.50നും എത്തി. സംസ്ഥാന ഹജ് കമ്മിറ്റി അംഗം പി.ടി അക്ബർ, ഹജ് ക്യാംപ് കൺവീനർമാരായ സി.കെ സുബൈർ ഹാജി, നിസാർ അതിരകം, നോഡൽ ഓഫിസർ എം.സി.കെ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ വരവേറ്റു. തീർഥാടകരിൽ പുതിയതെരു സ്വദേശി മുഹമ്മദ് കുഞ്ഞി, പാപ്പിനിശ്ശേരിയിലെ ജബീല എന്നിവർ ഹാരങ്ങൾ ഏറ്റുവാങ്ങി.
കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, സ്ഥിരസമിതി അധ്യക്ഷമാരായ എ.വി ശ്രീജ, ടി.കെ ലതിക, ഹജ് ക്യാംപ് സംഘാടക സമിതി ഭാരവാഹികളായ എം.കെ ഖാദർ മണക്കായി, എം.സി കുഞ്ഞഹമദ്, ഒ.വി ജാഫർ, വി.പി ഇസ്മഈൽ, വി.പി താജുദ്ദീൻ, അൻസാരി തില്ലങ്കേരി പി.എ താജുദ്ദീൻ, ടി.കെ മുനീർ, അഷ്റഫ് പുറവൂർ, അഷ്റഫ് ചെമ്പിലാരി, സി.കെ അബ്ദുൽ ജബാർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിലേക്കു വരാതെ ഗൾഫിലേക്കു ജിദ്ദയിൽ നിന്നു മടങ്ങിയ ഹാജിമാർക്കുള്ള സംസം വെള്ളം ഏറ്റുവാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നിസാർ അതിരകം അറിയിച്ചു. ഗൾഫ് യാത്രയുടെ ബോർഡിങ് പാസ്സിന്റെ കോപ്പി സഹിതം ഹജ് കമ്മിറ്റിക്ക് പ്രത്യേക അപേക്ഷ നൽകണം. ആദ്യസംഘത്തിലെ 15 പേർ ജോലി സ്ഥലത്തേക്കു മടങ്ങിയതിനാൽ തിരിച്ചുവന്നിരുന്നില്ല. 13ന് പുലർച്ചെ 2.50നും 9.40 നും 17ന് പുലർച്ചെ 12.40നും വൈകിട്ട് 6നും 18ന് രാവിലെ 9.50നും 19ന് രാവിലെ 5.10നും രാത്രി 11.20നും മടക്ക വിമാനങ്ങളെത്തും.