കൽപ്പറ്റ:-വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും
വളരെ ഭയാനകമായ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരും. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഉച്ചയോടെ പൊലീസ് നായകളുമായി സംഘം എത്തുമെന്നാണ് വിവരം.