നാറാത്ത് :- കാട്ടാമ്പള്ളി പുഴയുടെ ഓരം ചേർന്ന് കടന്നു പോകുന്ന റോഡിനു ഇരുവശങ്ങളിലും കാടു മൂടിയത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടഭീഷണിയാകുന്നു. കാട്ടാമ്പള്ളി കമ്പിൽ കണ്ണാടിപ്പറമ്പ് പ്രധാന റോഡിൽ നിന്നും ആരംഭിക്കുന്ന വെണ്ടോട്ട് റോഡിൽ കാട്ടാമ്പള്ളി പുഴയുടെ ഭാഗത്താണ് പല ഭാഗങ്ങളിലായി കാടുകയറിയത്. വർ ഷങ്ങൾക്കു മുൻപ് പുഴയിൽ നിന്നു കരിങ്കൽ കെട്ടി ഉയർത്തി നിർമിച്ച റോഡിനു ഇരുഭാഗത്ത് നിന്നും കടന്നുവരുന്ന വാഹനങ്ങൾക്ക് കഷ്‌ടിച്ച് കടന്നു പോകാനുള്ള വീതി മാത്രമേയുള്ളു.
ഈ ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഇല്ല. കാടുവളർന്ന് നിൽക്കുന്നത് കാരണം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് പരസ്‌പരം കാണാൻ പറ്റാത്ത അവസ്ഥയാണ്. കണ്ണൊന്ന് തെറ്റിയാൽ പുഴയിലേക്ക് പതിക്കുമെന്ന സ്ഥിതിയാണെന്നും റോഡിൽ പാമ്പ് ശല്യം രൂക്ഷമാണെന്നും ഡ്രൈവർമാർ പറയുന്നു. ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമായ വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം, പുല്ലൂപ്പിക്കടവ് വിനോദ സഞ്ചാര കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. പുഴയരികിൽ അപകടഭീഷണിയുയർത്തി നിലകൊള്ളുന്ന കാടുകൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.