കണ്ണൂർ :- ഷൊർണൂർ-കണ്ണൂർ പുതിയ തീവണ്ടി ഓടിത്തുടങ്ങിയതോടെ വൈകിട്ടുള്ള തിരുവനന്തപുരം - മുംബൈ നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറഞ്ഞു. അപകടകരമായ രീതിയിൽ ചവിട്ടുപടിയിൽ തൂങ്ങിയുള്ള യാത്രയുമില്ലാതായി. ജനറൽ ടിക്കറ്റുകാർ റിസർവ്ഡ് കോച്ചിൽ കയറുന്നതായി റെയിൽ മദദ് ആപ്പിൽ അയക്കുന്ന പരാതികളും കുറഞ്ഞു. നേത്രാവതി എക്സ്പ്രസിൽ ഷൊർണൂർ-കോഴിക്കോട് സെക്ഷനിൽ മാത്രം ഒരുദിവസം 25 പരാതികളാണ് റെയിൽ വേക്ക് കിട്ടിയിരുന്നത്. അതിൽ ഗണ്യമായ കുറവുണ്ടായി. വൈകിട്ട് ഉത്തരമലബാറിലേക്കുള്ള അവസാന തീവണ്ടിയായ നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറയ്ക്കാൻ റെയിൽവെ തുടങ്ങിയ പുതിയ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ്.
ഷൊർണൂർ-കണ്ണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് (06031) വൈകിട്ട് 3.40നാണ് ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. നേത്രാവതിയും ഇതേസമയമാണ് എത്തുന്നത്. വൈകിട്ട് 5.30- നാണ് പുതിയ വണ്ടി കോഴിക്കോട്ടെത്തുന്നത്. അഞ്ചു മണിക്ക് പരശുറാം എക്സ്പ്രസ് (16650) കോഴിക്കോട്ടുനിന്ന് പുറപ്പെടും. പുതിയ വണ്ടി പിന്നാലെയുള്ള തിനാൽ പരശുവിലെ തിരക്കും കുറഞ്ഞു. ആഴ്ചയിൽ നാലുദിവസം വീതം തത്കാലം ഒരുമാസ ത്തേക്കാണ് വണ്ടി. ഇത് ആറുദിവസമാക്കണമെന്ന് റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി, ജനറൽ സെക്രട്ടറി എം.സി.മനോജ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. വണ്ടി കാസർകോട്ടേക്ക് നീട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു.